കൊച്ചി: വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന പരാതിയിൽ ഏത് അന്വേഷണവും നടക്കട്ടെയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതിൽ ഞങ്ങൾക്ക് യാതൊരു ആശങ്കയും ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആർക്കുവേണമെങ്കിലും പരാതി കൊടുക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടർ ഐഡി കാർഡിന്റെ വ്യാജ കാർഡാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. യൂത്ത് കോൺഗ്രസിന് എതിരെ ബിജെപിയും ഡിവൈഎഫ്‌ഐയും രംഗത്തുവന്നിട്ടുണ്ട്.
മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഒന്നേകാൽ ലക്ഷം വ്യാജ തിരിച്ചറിയിൽ കാർഡുകൾ നിർമ്മിച്ചുവെന്നാണ് വിവരം. രണ്ടുലക്ഷത്തിൽ അധികം അസാധു വോട്ടുകൾ ഉണ്ടായെന്നാണ് ആദ്യം വാർത്ത പുറത്തുവന്നത്. ആകെ പോൾ ചെയ്ത 7,29,626 വോട്ടിൽ 2,16,462 വോട്ടാണ് അസാധുവായത്. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടിയ വോട്ടുകൾ 2,21,986 ആണ്. അസാധു വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ 5,524 വോട്ടുകളുടെ വ്യത്യാസം മാത്രം. പിന്നാലെ, വ്യാജ തിരിച്ചറിയിൽ കാർഡ് നിർമ്മിച്ച കാര്യം ചൂണ്ടിക്കാട്ടി എഐസിസിക്ക് പരാതി പോയതോടെയാണ്, വിഷയം പുറംലോകം അറിഞ്ഞത്.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പോലീസ് മേധാവിക്ക് പരാതി നൽകി. വ്യാജ തിരിച്ചറിയിൽ കാർഡ് നിർമ്മിച്ചത് പാലക്കാട് എംഎൽഎയുടെ നേതൃത്വത്തിലാണ് എന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. രാജ്യദ്രോഹം പോലെ ഗുരുതരമായ ക്രിമിനൽ കുറ്റമാണ് നടന്നതെന്നും പിന്നിൽ കോൺഗ്രസ് ഉന്നത നേതാക്കളുടെ ഇടപെടലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. കെ സുരേന്ദ്രൻ നൽകിയ പരാതി ഡിജിപി ക്രമസമാധനാ ചുമതലയുള്ള എഡിജിപിക്ക് കൈമമാറി. കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ഈ വിഷയം തെളിവ് സഹിതം പുറത്ത് വിട്ടത്. കെ സി വേണുഗോപാലും വി ഡി സതീശനും ഈ വിഷയങ്ങൾ അറിഞ്ഞിരുന്നെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
‘തീവ്രവാദത്തിന് സമാനമായ പ്രവർത്തനമാണ് നടന്നിരിക്കുന്നത്. പാലക്കാട്ടെ വിജയത്തിന് കോൺഗ്രസ് ഇത്തരം തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. അടിയന്തരമായി സമഗ്രമായ അന്വേഷണം നടത്തണം. വിവിധ ഏജൻസികൾക്ക് പരാതി നൽകിയിട്ടുണ്ട്. കേവലം ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ് നടന്നിരിക്കുന്നത്. ഈ കുറ്റത്തിൽ നിന്ന് കോൺഗ്രസിന് ഒളിച്ചോടാൻ കഴിയില്ല’-സുരേന്ദ്രൻ പറഞ്ഞു.
യൂത്ത് കോൺഗ്രസിന് എതിരെ വിമർശനവുമായി ഡിവൈഎഫ്‌ഐയും രംഗത്തെത്തി. ‘യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഒന്നരലക്ഷത്തോളം വ്യാജ ഐഡി കാർഡുകളാണ് ഉണ്ടാക്കിയത്. ഇതിനെതിരെ ഡിജിപിക്ക് പരാതി നൽകും. വ്യാജമായി നിർമിച്ച ഐഡി കാർഡുകൾ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് മാത്രമല്ല ഉപയോഗിക്കുക. ഇത് രാജ്യദ്രോഹ പ്രവർത്തനമാണ്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും’- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു.
Discussion about this post