പത്തനം തിട്ട: സർക്കാരിനെ വെല്ലുവിളിച്ച് റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു. പത്തനം തിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്കാണ് സർവീസ്. രാവിലെ അഞ്ചുമണിക്കാണ് പത്തനംതിട്ടയിൽ നിന്നും ബസ് പുറപ്പെട്ടത്. ബസ് 200 മീറ്റർ പിന്നിട്ടപ്പോഴേക്കും വാഹനവകുപ്പ് ഉദ്യോഗസ്ഥരെത്തി 7500 രൂപ പിഴയിട്ടു .
പെർമിറ്റ് ലംഘനം ആരോപിച്ചാണ് പിഴ. സ്റ്റേജ് ക്യാര്യേജ് പെർമിറ്റ് ഇല്ലാതെ, യാത്രക്കാരിൽ നിന്നും പണം വാങ്ങി സർവീസ് നടത്തുന്നതിലാണ് പിഴ ഈടാക്കുന്നതെന്നാണ് വാഹനവകുപ്പിന്റെ നിലപാട്.
അതേസമയം പിഴയിട്ട് ചലാൻ നൽകിയെങ്കിലും ഉദ്യോഗസ്ഥർ ബസ് പിടിച്ചെടുത്തില്ല
പിഴ അടക്കാതെ ബസ് മുന്നോട്ട് പോവുമെന്ന് ബസുടമ ഉദ്യോഗസ്ഥരെ അറിയിച്ചു.ഉടമയും കോയമ്പത്തൂർ വരെ ബസ്സിൽ യാത്രചെയ്യുന്നുണ്ട്. പിഴയടക്കാതെ യാത്ര തുടരുന്ന ബസ്സിന് വഴിയിൽ ഇനിയും പരിശോധനകൾ നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് സർവീസ് നടത്തുന്നതെന്നാണ് ഉടമ അവകാശപ്പെടുന്നത്. സർക്കാരിനോടും , മോട്ടോർ വാഹനവകുപ്പിനോടും മല്ലടിച്ചാണ് ബസ്സുടമ സർവീസ് നടത്തുന്നത്. റോബിൻ ബസിന്റെ സർവീസ് നിർത്തിക്കാൻ തീരുമാനിച്ചത് മന്ത്രിമാരടക്കം പങ്കെടുത്ത യോഗത്തിലാണെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഉടമയെ അറിയിച്ചിരുന്നു. നിയമ ലംഘനം ആരോപിച്ച് മോട്ടോർവാഹന വകുപ്പ് നേരത്തെ രണ്ടുതവണ ബസ് പിടികൂടിയിരുന്നു. റാന്നിയിൽ നിന്നും പിടിച്ചെടുത്ത ബസ് പിന്നീട് കോടതി ഉത്തരവിലൂടെയാണ് പുറത്തിറങ്ങിയത്.

