ചാറ്റ്ജിപിടി സ്രഷ്ടാവായ, സാം ഓൾട്ട്മാനെ കമ്പനിയുടെ സിഇഒ, സഹസ്ഥാപക സ്ഥാനത്തുനിന്നും ഓപ്പൺഎഐ പുറത്താക്കി. ടീമിനെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ ബോർഡിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് നടപടിയെന്ന് ഓപ്പൺഎഐ അറിയിച്ചു.
“ബോർഡ് ആലോചിച്ചെടുത്ത തീരുമാനത്തെ തുടർന്നാണ് ആൾട്ട്മാന്റെ പുറത്താക്കൽ നടപടി. ബോർഡുമായുള്ള ആശയവിനിമയത്തിൽ അദ്ദേഹം സത്യസന്ധനല്ല. ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനെ തടസ്സപ്പെടുത്തുന്നു.”- ഓപ്പൺഎഐ പ്രസ്താവനയിൽ പറഞ്ഞു.
ആൾട്ട്മാന് പകരമായി ചീഫ് ടെക്‌നോളജി ഓഫീസർ (സിടിഒ) മിറ മുരാട്ടി ഇടക്കാല സിഇഒ ആയി ചുമതലയേൽക്കുമെന്നും ഒരു സ്ഥിരം സിഇഒക്കായി ഓപ്പൺഎഐ ഔപചാരിക അന്വേഷണം നടത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം ചാറ്റ് ജിപിടിയിൽ പ്രവർത്തിച്ച കാലത്ത് വ്യക്തിപരമായി വലിയ രീതിയിലും, സമൂഹത്തിൽ ചെറിയ തോതിലും ഉണ്ടാക്കിയ മാറ്റത്തിൽ സന്തോഷമുണ്ടെന്നും. ഇക്കാലത്ത് ഒപ്പം പ്രവർത്തിച്ചവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നുമാണ് സാം ഈ പുറത്താക്കലിന് ശേഷം ഔദ്യോഗികമായി പ്രതികരിച്ചത്.
മൈക്രോസോഫ്റ്റിൽ നിന്നുള്ള ഫണ്ടിംഗിന്റെ പിൻബലത്തിൽ, കഴിഞ്ഞ നവംബറിലാണ് ഓപ്പൺഎഐ ചാറ്റ്ജിപിടി ചാറ്റ്ബോട്ട് പുറത്തിറക്കിയത്. ലോകത്തിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളിലൊന്നായി എഐ മാറി.
38 കാരനായ ആൾട്ട്മാൻ സിലിക്കൺ വാലിയിലെ ന്യൂറോക്ക് സ്റ്റാർ ആയിരുന്നു. ടെക് ലോകത്ത് പെട്ടെന്ന് തന്നെ ഒരു എഐ ബൂം ആണ് ഇദ്ദേഹം സഹസ്ഥാപകനായ ചാറ്റ് ജിപിടി തുടക്കമിട്ടത്. അതേ സമയം മുൻ ഗൂഗിൾ സിഇഒയും ചെയർമാനുമായ എറിക് ഷ്മിത്ത് പറഞ്ഞത് പോലെ ചുരുങ്ങിയ കാലത്തിൽ 90 ബില്യൺ ഡോളർ മൂല്യമുള്ള ഒരു കമ്പനി കെട്ടിപ്പടുത്ത വ്യക്തിയാണ് സാം.
Discussion about this post