കാസർഗോഡ് : വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ പെരുമ്പാമ്പിനു കാഞ്ഞങ്ങാട് അപൂര്‍വ്വ ശസ്‌ത്രക്രിയ. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെരുമ്പാമ്പിനു വെറ്റിനറി ഡോക്‌ടര്‍മാർ ആണ് ശസ്ത്രക്രിയ നടത്തിയത് .
ഇന്നലെ പുലര്‍ച്ചെയാണ് പള്ളിക്കരയില്‍ ഒന്നരവയസ് പ്രായമുള്ള പെരുമ്പാമ്പിനെ വാഹനം കയറി ആന്തരികാവയവങ്ങള്‍ പുറത്തു വന്ന നിലയില്‍ കണ്ടെത്തിയത്. പള്ളിക്കര പോസ്റ്റോഫീസ് വളപ്പിലാണ് പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് വൈല്‍സ് റെസ്‌ക്യൂവര്‍ നജീബ് ചിത്താരിയെത്തി പാമ്പിനെ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസിലെത്തിച്ചു. തുടര്‍ന്ന് റേഞ്ച് ഓഫീസര്‍ ശ്രീജിത്തിന്റെ നിര്‍ദ്ദേശപ്രകാരം പാമ്പിനെ കാഞ്ഞങ്ങാട് വെറ്റിനറി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പാമ്പിന് അനസ്‌തേഷ്യ നല്‍കി മയക്കിയശേഷം മുറിവുകള്‍ വൃത്തിയാക്കി. പുറത്തേക്ക് തള്ളിയ ആന്തരികാവയവങ്ങള്‍ അകത്തേയ്‌ക്കാക്കി തുന്നിക്കെട്ടി. പിന്നീട് പാമ്പിനെ വനം വകുപ്പിനു കൈമാറി.
സുഖം പ്രാപിച്ചശേഷം പാമ്പിനെ വനത്തില്‍ വിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ ഇത്തരത്തിലുള്ള സങ്കീര്‍ണ്ണമായ ശസ്‌ത്രക്രിയകള്‍ നടത്താനുള്ള സൗകര്യം വയനാട് വെറ്റിനറി ആശുപത്രിയില്‍ മാത്രമാണുള്ളത്. എന്നാല്‍ വെറ്റിനറി ഡോക്‌ടര്‍മാരുടെ ശ്രമത്തിൽ അപൂര്‍വ്വ സംഭവത്തിനാണ് കാഞ്ഞങ്ങാട് സാക്ഷ്യം വഹിച്ചത്.

