നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തോടെ ലോകകപ്പിന് വിരാമമാവും. ഇത്തവണത്തെ ലോകകപ്പിന് ഉദ്ഘാടനച്ചടങ്ങൊന്നും തന്നെ കാര്യമായി ഉണ്ടായിരുന്നില്ല. ഇന്ത്യ – പാകിസ്താൻ മത്സരത്തിന് മുമ്പ് മാത്രമാണ് സംഗീത പരിപാടി നടത്തിയത്. സമാപനച്ചടങ്ങ് ഏതായാലും ഗംഭീരമായി നടത്താനാണ് ബിസിസിഐയുടെയും ഐസിസിയുടെയും തീരുമാനം.
ഇന്ത്യൻ എയർ ഫോഴ്സിൻറ നേതൃത്വത്തിലുള്ള എയറോബിക് ഷോയാണ് സമാപനച്ചടങ്ങിൻെറ പ്രധാന ആകർഷണം ആവാൻ പോവുന്നത്. പ്രശസ്ത പോപ് ഗായിക ഡുവാ ലിപയുടെ സംഗീത വിരുന്നും ചടങ്ങിന് മോടി കൂട്ടും. ഫൈനൽ കൊഴുപ്പിക്കാൻ വേറെയും നിരവധി പരിപാടികൾ ബിസിസിഐ ആസൂത്രണം ചെയ്യുന്നുണ്ട്. അതിൻെറ ഭാഗമായി ലോകകപ്പ് നേടിയ മുൻ ക്യാപ്റ്റൻമാരെ ആദരിക്കും.
മത്സരത്തിൻെറ ആദ്യ ഇന്നിങ്സ് കഴിഞ്ഞാലായിരിക്കും കിരീടം നേടിയ ക്യാപ്റ്റൻമാർക്കായി ആദരമൊരുക്കുക. ക്യാപ്റ്റൻമാർക്ക് പ്രത്യേക ബ്ലേസർ നൽകിയാണ് അവരെ ആദരിക്കാൻ പോവുന്നത്. മുൻ ഇന്ത്യൻ നായകൻമാരായ കപിൽ ദേവ് (Kapil Dev), എംഎസ് ധോണി (MS Dhoni), മുൻ ലങ്കൻ നായകൻ അർജുന രണതുംഗ, മുൻ ഓസ്ട്രേലിയൻ നായകൻമാരായ അലൻ ബോർഡർ, റിക്കി പോണ്ടിങ് എന്നിവരെല്ലാം ചടങ്ങിനെത്തും
1983ൽ കപിൽ ദേവിൻെറ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തുന്നതും കിരീടം നേടുന്നതും. രണ്ട് തവണ കിരീടം നേടി മൂന്നാം തവണ ഫൈനൽ കളിച്ച വെസ്റ്റ് ഇൻഡീസിനെയാണ് കപിലിൻെറ നേതൃത്വത്തിലുള്ള ടീം തോൽപ്പിച്ചത്. പിന്നീട് 2003ൽ സൌരവ് ഗാംഗുലി നേതൃത്വം നൽകിയ ടീം ഫൈനലിൽ എത്തിയെങ്കിലും ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. 2011ൽ എംഎസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ വീണ്ടും ഫൈനലിൽ കടക്കുന്നത്. അത്തവണ ശ്രീലങ്കയെ തോൽപ്പിച്ച് ടീം കിരീടം നേടുകയും ചെയ്തു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് അത്തവണ ഫൈനൽ നടന്നത്. 2019ൽ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമി വരെ എത്തിയെങ്കിലും ന്യൂസിലൻഡിനോട് പരാജയപ്പെട്ടു.
ഇപ്പോഴിതാ രോഹിത് ശർമയുടെ നേതൃത്വത്തിൽ ടീം വീണ്ടുമൊരു കലാശപ്പോരാട്ടത്തിന് ഇറങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരവും ജയിച്ചാണ് ഇന്ത്യ ഇത്തവണയും ഫൈനൽ വരെയെത്തിയത്. സെമിയിൽ ന്യൂസിലൻഡിനെയും തോൽപ്പിച്ചു. ആറാം ലോകകിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഓസ്ട്രേലിയയാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
Discussion about this post