പെരിങ്ങോട്ടുകര: രാജ്യത്തെ പ്രഥമ ത്രിദിന വിഷ്ണുമായ സ്വാമി ലക്ഷാർച്ചന യജ്ഞത്തിന് ദേവസ്ഥാനത്ത് ഭക്തിനിർഭരമായ സമാപനം. ഞായറാഴ്ച സമാപനദിനത്തിൽ ദേവസ്ഥാനത്ത് എത്തിയ ആദിശങ്കരശിഷ്യ പത്മപാദാചാര്യ പരമ്പരയിലെ തെക്കെ മഠം മൂപ്പിൽ സ്വാമിയാരായ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമികൾക്ക് പൂർണ്ണ കുംഭത്തോടെയുള്ള സ്വീകരണവും വച്ചുനമസ്ക്കാരവും നടത്തി.
ദേവസ്ഥാനത്ത് നടന്ന ഏകാദശ ശ്രീരുദ്രജപത്തിലും വസോർദ്ധാരാ ഹോമത്തിലും മൂപ്പിൽ സ്വാമിയാർ പങ്കു കൊണ്ടു. ദേവസ്ഥാനാധിപതി ഡോ.ഉണ്ണി ഭാമോദര സ്വാമികൾ യജമാനനായി നടത്തിയ യജ്ഞത്തിന് കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ ഡോ. പൂർണ്ണത്രയീ ജയപ്രകാശ് ശർമ്മ യജ്ഞാചാര്യനായി.
മഹാഗണപതി ഹോമം ഗണേശോപനിഷത്ത് ചതുർവ്വേദപാരായണം, ലളിതാ സഹസ്രനാമ ജപം, ഏകാദശ ശ്രീരുദ്രജപം ക്രമാർച്ചന, ഐകമത്യസൂക്തജപം തുടങ്ങിയവ നടന്നു. യജ്ഞവേദിയിൽ ഗോപൂജയും അശ്വപൂജയും നടന്നു. തുടർന്ന് കലശാഭിഷേകവും നടന്നു. കാഞ്ചി കാമകോടി പീഠത്തിലെ 11 ചതുർവേദ പണ്ഡിത വൈദിക ശ്രേഷ്ഠർ പങ്കെടുത്ത യജ്ഞത്തിന് കാഞ്ചി പീഠം ത്രിവേദി സദാശിവ ഋക്ക് ഘനപാഠികൾ, യജുർവേദാചാര്യൻ ഗായത്രി സുബ്രഹ്മണ്യ ഘനപാഠികൾ, സാമവേദാചാര്യൻ കൂടിയായ ഗുരുവായൂർ ക്ഷേത്രം മുൻമേൽശാന്തി ഡോ. തോട്ടം ശിവകരൻ നമ്പൂതിരി തുടങ്ങിയവർ മുഖ്യ കാർമ്മികരായി .
Discussion about this post