കോട്ടയം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച് കോൺഗ്രസ് നേതാവ് വി എം സുധീരൻ. ഈ തിരഞ്ഞെടുപ്പ് സമ്പ്രദായം ശരിയല്ല. യൂത്ത് കോൺഗ്രസിന് ഗുണമല്ല എന്ന് താൻ തിരഞ്ഞെടുക്കപ്പെട്ട കാലത്ത് തന്നെ പറഞ്ഞിട്ടുണ്ട്. മറിച്ച് അംഗത്വം നൽകിയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും വിഎം സുധീരൻ നിർദേശിച്ചു.
യൂണിറ്റ് സമ്മേളനങ്ങൾ നടത്തിയാണ് നേരത്തെ തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ഡൽഹിയിൽ നിന്നും നോമിനേറ്റ് ചെയ്യുന്ന രീതി ശരിയല്ല. പല വേദികളിലും നേരത്തെ മുതൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സുധീരൻ അഭിപ്രായപ്പെട്ടു. മനുഷ്യനുമായി ബന്ധപ്പെടാത്ത ഒരു സിസ്റ്റമാണ് ഇപ്പോൾ ഉള്ളത്. ഇങ്ങനെയൊരു സംവിധാനം എവിടെയെങ്കിലുമുണ്ടോയെന്നും സുധീരൻ ചോദിച്ചു. കോൺഗ്രസിലെ ഗ്രൂപ്പുകൾക്കെതിരെയും സുധീരൻ തുറന്നടിച്ചു. കോൺഗ്രസിൽ നേരത്തെ രണ്ടു ഗ്രൂപ്പായിരുന്നെങ്കിൽ ഇപ്പോൾ അഞ്ചു ഗ്രൂപ്പായി. രണ്ട് ഗ്രൂപ്പ് തന്നെ ഒഴിവാകണമെന്ന് നേരത്തെ ആത്മാർഥമായി ആഗ്രഹിച്ച ആളാണ് താൻ. അതുകൊണ്ടാണ് ഈ നേതൃത്വം വന്നപ്പോൾ സ്വാഗതം ചെയ്തതെന്നും സുധീരൻ പറഞ്ഞു.
പാർലമെന്റ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും സുധീരൻ വിശദീകരിച്ചു. 2004 ൽ തന്റെ പേര് പ്രഖ്യാപിച്ചപ്പോൾ തന്നെ താൽപര്യമുണ്ടായിരുന്നില്ല. അന്ന് മത്സരിക്കേണ്ടിയിരുന്നില്ലായെന്ന് പിന്നീട് തോന്നി. ഹൈക്കമാൻഡ് പ്രഖ്യാപിച്ചത് കൊണ്ടാണ് അന്ന് മത്സരിച്ചത്. മത്സരിക്കാനില്ലെന്ന് ഇതിനകം താൻ അറിയിച്ചിട്ടുണ്ടെന്നും സുധീരൻ പറഞ്ഞു.
കേരളത്തിൽ നടക്കുന്നത് സർ സിപി മോഡൽ ഭരണമാണെന്നും സുധീരൻ വിമർശിച്ചു. പിണറായി സർക്കാർ സമരത്തെ അടിച്ചമർത്തുന്നത് സിപി രാമസ്വാമി അയ്യരുടെ ശൈലിയിൽ. കമ്മ്യൂണിസ്റ്റ് ശൈലിയിൽ അല്ല ഭരണം നടക്കുന്നത്. ജനങ്ങളിൽ നിന്ന് അകന്നത് കൊണ്ടാണ് സർക്കാർ ഒരു പിആർ ശൈലിയിൽ രംഗത്ത് വന്നത്. സർക്കാർ നടത്തുന്നത് പാഴ്‌വേല എന്നും വി എം സുധീരൻ പറഞ്ഞു.
Discussion about this post