കൊച്ചി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനൽ മനസ്സുള്ള മുഖ്യമന്ത്രിയാണെന്നും ക്രൂരത കാട്ടിയവരെ പ്രശംസിക്കുന്നുവെന്നുമായിരുന്നു വി ഡി സതീശൻ്റെ വിമർശനം. കേരളം മുഖ്യമന്ത്രിയെ അപമാനിച്ചു പുറത്താക്കും.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടന്നത് ഗുണ്ടായിസം. മുഖ്യമന്ത്രിയുടെ വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസുകാരും ആക്രമിച്ചു. പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ കാട്ടിയ ക്രിമിനൽ സ്വഭാവമെന്നും സതീശൻ പറഞ്ഞു. തല്ലിയൊതുക്കാൻ വന്നാൽ കാണാമെന്നും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആക്രമിച്ചത് ഏത് ക്രിമിനലുകളാണെന്നും ഹെൽമെറ്റിനും ചെടിച്ചട്ടിയും വെച്ച് തലയ്ക്ക് അടിക്കുന്നതാണോ നവകേരളമെന്നും വി ഡി സതീശൻ ചോദിച്ചു.
ചീഫ് സെക്രട്ടറിയുടെ അവസ്ഥയിൽ സങ്കടമുണ്ടെന്നും പാർട്ടി പരിപാടിക്ക് സ്വാഗതം ചെയ്യേണ്ട അവസ്ഥയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മാസപ്പടി വിവാദത്തിൽ ഇപ്പോഴും മറുപടിയില്ല. ജനങ്ങളുടെ പണം വെച്ച് രാഷ്ട്രീയം പറയുന്നു. മന്ത്രിമാർക്ക് കിട്ടിയ പതിനായിരക്കണക്കിന്ന് പരാതികളിൽ ഒരു പരാതി പരിഹരിച്ചോ. നികുതി പിരിവ് പോലും നടത്തുന്നില്ല. കേരളത്തിൽ അരാജകത്വമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
ആക്രമണം തുടരണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി ഗുണ്ടകളെയും ക്രിമിനലുകളെയും കൊണ്ട് നടക്കുന്നു. പ്രതിഷേധിക്കാൻ ഈ നാട്ടിൽ കഴിയില്ലേ. എങ്കിൽ ഞങ്ങൾ ജനപ്രതിനിധികൾ പ്രതിഷേധിക്കാൻ ഇറങ്ങുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. എൻഡോസൾഫാൻ ദുരിതബാധിതർ പൗരപ്രമുഖരല്ലല്ലോ. ഇത്രയും കാലമായി ഒന്നും അവർക്കായി ഒന്നും ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പരാതിയുണ്ടെങ്കിൽ പരിഹരിക്കട്ടെയെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് മുമ്പ് ഉണ്ടായിരുന്ന ഗ്രൂപ്പ് അതിപ്രസരം ഇന്നില്ലെന്നും അഭിപ്രായപ്പെട്ടു. എറണാകുളത്ത് നടന്ന എ ഗ്രൂപ്പ് യോഗത്തെക്കുറിച്ച് എഐസിസി നേതൃത്വം വിലയിരുത്തട്ടെയെന്നും സതീശൻ വ്യക്തമാക്കി.
Discussion about this post