രാജ്യാന്തര ക്രിക്കറ്റില്‍ നിശ്ചിത സമയത്തിനുള്ളില്‍ പന്തെറിഞ്ഞ് തീര്‍ക്കാന്‍ ടീമുകള്‍ തയാറാകാത്തതിനെതിരേ കര്‍ശന നടപടിയുമായി ഐസിസി. ഇനി മുതല്‍ പന്തെറിയാന്‍ വൈകിയാല്‍ ബൗളിങ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി നല്‍കാനാണ് നീക്കം.
ഓരോവര്‍ പൂര്‍ത്തിയാക്കി 60 സെക്കന്‍ഡിനുള്ളില്‍ അടുത്ത ഓവര്‍ തുടങ്ങണമെന്നാണ് ചട്ടം. ഒരിന്നിങ്‌സില്‍ ഈ സമയപരധി രണ്ടു തവണയില്‍ കൂടുതല്‍ ലംഘിക്കപ്പെട്ടാല്‍ പിന്നീട് ഓരോ തവണയും അഞ്ച് റണ്‍സ് ബാറ്റിങ് ടീമിന് ലഭിക്കുന്ന തരത്തില്‍ നിയമം പരിഷ്‌കരിക്കാന്‍ ഇന്ന് ചേര്‍ന്ന ഐസിസി ബോര്‍ഡ് മീറ്റിങ്ങില്‍ തീരുമാനമായി. പുരുഷന്മാരുടെ ഏകദിന-ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബര്‍ മുതല്‍ 2024 ഏപ്രില്‍ വരെ പുതിയ നിയമം പരീക്ഷിക്കാനും യോഗത്തില്‍ തീരുമാനമായി.
ശ്രീലങ്കന്‍ ക്രിക്കറ്റിന് കനത്ത തിരിച്ചടി നല്‍കി അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദി ലങ്കയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാനും യോഗത്തില്‍ തീരുമാനമായി. ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ ഐസിസി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലങ്കയ്ക്ക് ഇരുട്ടടിയായി പുതിയ നടപടി. അതേസമയം ലങ്കന്‍ ക്രിക്കറ്റിന് ആശ്വാസം പകരുന്ന തീരുമാനവും ഐസിസി യോഗത്തിലുണ്ടായി.
ഐസിസി ടൂര്‍ണമെന്റുകളിലും രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരകളിലും കളിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ഐസിസി അനുമതി നല്‍കി, എന്നാല്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ള ധനസഹായം നിയന്ത്രിക്കപ്പെടും. ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ കായിക മന്ത്രി റോഷന്‍ റണസിംഗെ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടിരുന്നു. പിന്നീട് ഇടക്കാല ഭരണസമിതിക്ക് ചുമതല കൈമാറുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ലങ്കന്‍ ക്രിക്കറ്റിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്തത്.
ഇതിനു പുറമേ പിച്ചുകളുടെയും ഔട്ട്ഫീല്‍ഡിന്റെയും നിലവാരം സംബന്ധിച്ചും നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊണ്ടിട്ടുണ്ട്. പിച്ചിന്റെയോ, ഔട്ട്ഫീല്‍ഡിന്റെയോ നിലവാരമില്ലായ്മ കാരണം രാജ്യാന്തര പദവി നഷ്ടമാകുന്ന വേദികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ആറ് ഡീ മെറിറ്റ് പോയിന്റ് നല്‍കാനും തീരുമാനമായി. നേരത്തെ ഇത് അഞ്ച് ഡീ മെറിറ്റ് പോയിന്റായിരുന്നു. ഇതിനു പുറമേ ഐസിസി പുരുഷ-വനിതാ അമ്പയര്‍മാര്‍ക്ക് തൃല്യവേതനം നല്‍കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
Discussion about this post