തൃശൂർ: നാളെയാണ് ഗുരുവായൂർ ഏകാദശി. ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നുണ്ട്. ഭഗവാൻ കൃഷ്ണൻ ഗീതോപദേശം നൽകിയ ദിനമാണെന്നാണ് ഈ ദിവസത്തെ അറിയപ്പെടുന്നത്. ദശമി ദിവസമായ ഇന്നു പുലർച്ചെ മൂന്നുമണിക്ക് തുറന്ന നട ദ്വാദശി ദിവസമായ വെള്ളിയാഴ്ച രാവിലെ 8നു മാത്രമേ അടയ്ക്കുകയുള്ളു.
54 മണിക്കൂർ മുഴുവനായി നടതുറന്ന് ദർശനം നൽകും. കൊളാടി കുടുംബത്തിന്റെ വകയായി നവമി നെയ്‌വിളക്ക് കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ തെളിഞ്ഞു. ഏകാദശി ദിനമായ നാളെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനം ഉണ്ടാകില്ല. വരി നിൽക്കുന്ന ഭക്തരെയും നെയ് വിളക്ക് വഴിപാടുകാരെയും മാത്രമായിരിക്കും പ്രവേശിപ്പിക്കുക. വാകച്ചാർത്ത്, ഉഷ:പൂജ, എതിർത്ത് പൂജ, ശീവേലി, നവകാഭിഷേകം, പന്തീരടി പൂജ, ഉച്ചപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവയാണ് നാളത്തെ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന പൂജകൾ.
പ്രദക്ഷിണം, ചോറൂണ് എന്നിവയ്‌ക്കു ശേഷം ദർശനം അനുവദിക്കില്ല. ദ്വാദശി ദിവസമായ 24-ന് പ്രസാദമൂട്ട് രാവിലെ ഏഴുമണി മുതൽ 11 മണി വരെയാകും. പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാൾ, അതിനോടു ചേർന്നുള്ള പന്തൽ, തെക്കേ നടപ്പുരയിലെ ഊട്ടുശാല എന്നീ മൂന്നിടത്താണ് പ്രസാദമൂട്ട് നടത്തുക.

