ഉത്തരകാശി: ഉത്തരാഘണ്ടിലെ സിൽക്യാരയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ. ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോടെയോ ശുഭവാർത്ത കേൾക്കാനാകുമെന്നാണ് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ നിർമ്മിത ഡ്രിൽ ഉപയോഗിച്ച് മലഞ്ചെരുവിലേക്ക് ആറ് മീറ്റർ കൂടി തുളക്കാൻ സാധിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.
ആറുമീറ്റർ കൂടി വിജയകരമായി മുന്നോട്ട് പോകുവാൻ സാധിച്ച വിവരം സന്തോഷപൂർവം അറിയിക്കട്ടെ. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ, അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുകയാണ്. ശേഷിക്കുന്ന ജോലികൾ (പൂർത്തിയാക്കാൻ) ഞങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നത്. ഉത്തരാഘണ്ഡ് ടൂറിസം വകുപ്പ് സ്പെഷ്യൽ ഓഫീസർ ഭാസ്കർ കുമ്പ്ളെ എൻഡിടിവിയോട് പറഞ്ഞു. 67 ശതമാനം തുളയ്ക്കൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക്, 18 മീറ്റർ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് ഉത്തരാഖണ്ഡ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മഹമൂദ് അഹമ്മദ് നേരത്തെ പറഞ്ഞിരുന്നു.
തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി 11ാം ദിവസമാണ് രക്ഷാപ്രവർത്തനം തുടങ്ങുന്നത്. തുരന്ന ദ്വാരങ്ങളിലേക്ക് ഘടിപ്പിക്കാനുള്ള പൈപ്പുകളുടെ വെൽഡിങ് ആണെന്നും അഹമ്മദ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം വെൽഡിങ്ങാണ് അതിന് സമയമെടുക്കും. എന്നാൽ, അവശേഷിക്കുന്ന ഭാഗം തുളയ്ക്കുന്നതിന് അധികസമയം വേണ്ടിവരില്ലെന്നാണ് അധികൃതർ പറഞ്ഞിട്ടുണ്ട്. നിലവിൽ തൊഴിലാളികൾ 57 മീറ്റർ ഭൂമിക്കടിയിലാണ് കുടുങ്ങിക്കിടക്കുന്നത്. തുരങ്കത്തിനുള്ളിൽ 21 മീറ്ററോളം 800 എംഎം പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.
തൊഴിലാളികളെ പൈപ്പിലൂടെ പുറത്തെത്തിക്കാനാണ് രക്ഷാപ്രവർത്തകർ കരുതുന്നത്. പുറത്തെത്തിച്ചതിന് ശേഷം ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരെ ജില്ല ആശുപത്രിയിൽ കാണിച്ചശേഷം വീട്ടിലേക്ക് പോകാൻ അനുവദിക്കും. അതേസമയം, ആരോഗ്യപ്രശ്നങ്ങളുള്ളവരെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് നീക്കം. അതിനായി തുരങ്കത്തിന് സമീപത്തായി ഹെലിപ്പാഡും സജ്ജമാക്കിയിട്ടുണ്ട്.
പൈപ്പ് സ്ഥാപിക്കുന്നതിനൊപ്പം കുന്നിന് മുകളിൽ നിന്ന് താഴേക്ക് കുഴിച്ച് തൊഴിലാളികളുടെ അടുത്തേക്ക് എത്താനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇന്നലെ കുടുങ്ങിക്കിടന്ന തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ ഇന്നലെ ലഭിച്ചിരുന്നു. സ്റ്റീൽ പൈപ്പിലൂടെ തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.
Discussion about this post