കോഴിക്കോട്: വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗത്തിന് ശ്രമിച്ചതായി പരാതി. നാദാപുരം വളയത്തെ സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരെയാണ് വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്.ഐപിസി 354, 354 A, 354 B എന്നീ വകുപ്പുകൾ പ്രകാരം ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്.
പാർടി അംഗത്തിന്റെ ഭാര്യയുടെ പരാതിയിൽ വളയം പൊലീസാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. സിപിഎം ലോക്കൽ കമ്മറ്റി അംഗവും വളയം മഞ്ചാന്തറ സ്വദേശിയുമായ ജിനീഷ് പൊയിലുപറമ്പത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഭർത്താവും മക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് രാത്രി വീട്ടിലേക്ക് വരുകയും ഭർത്താവിന് കുറിയുടെ പൈസ കൊടുക്കാനെന്ന വ്യാജേന പെട്ടന്ന് വീട്ടിനകത്തേക്ക് കയറുകയും ശരീരത്തിൽ കയറിപ്പിടിക്കുകയുമാണ് ഉണ്ടായതെന്ന് യുവതി മൊഴി നൽകി.
തന്റെ ഭർത്താവും പ്രതിയും ഒരേ പാർട്ടിയിൽ പ്രവർത്തിക്കുന്നവരാണെന്നും, പാർട്ടി അംഗം എന്ന നിലയിലും ഒരേ നാട്ടുകാർ എന്ന നിലയിലും ഇദ്ദേഹം വീട്ടിലേക്ക് വരാറുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. അതെസമയം ഭർത്താവ് വന്ന ബൈക്കിന്റെ സൗണ്ട് കേട്ട് ഇയാൾ ഒളിച്ചിരിക്കാൻ നോക്കുകയും, ഭർത്താവ് ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തെ തള്ളി മാറ്റി ഓടുകയുമാണ് ഉണ്ടായതെന്നും ഭർത്താവ് എത്തിയില്ലെങ്കിൽ തന്നെ ബലാത്സംഗം ചെയ്യുമായിരുന്നുവെന്നും യുവതി മൊഴിയിൽ പറയുന്നു.
വളയം എസ് ഐ എം. നൗഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ പാർട്ടി അച്ചടക്ക നടപടി തുടങ്ങിയതായും കർശ്ശന നടപടി ഉണ്ടാകുമെന്നും സിപി ഐ എം വളയം ലോക്കൽ സെക്രട്ടറിയും പ്രതികരിച്ചു.

