തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ എത്തിച്ചു. സര്‍ക്കാര്‍ വാടകയ്ക്ക് എടത്ത ഹെലികോപ്റ്ററിലാണ് ഹൃദയം എത്തിച്ചത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന 16കാരന് ഹരിനാരായണന് വേണ്ടിയാണ് മസ്തിഷ്ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ ഹൃദയം കിംസ് ആശുപത്രിയില്‍ നിന്ന് എത്തിച്ചത്. ഹൃദയം എത്തിച്ചതോടെ, ശസ്ത്രക്രിയ ആരംഭിച്ചു.
കിംസ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഹൃദയം ഇവിടെനിന്നാണ് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് കൊണ്ടുപോയത്. ആംബുലന്‍സ് കടന്നുവന്ന വഴിയില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഹൃദയം ഹെലികോപ്റ്ററില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ, ഹരിനാരായണന്റെ സഹോദരനും സമാനമായ രീതിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
കൊച്ചി ബോള്‍ഗാട്ടി ഹെലിപാഡിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്. ഇവിടെനിന്ന് റോഡ് മാര്‍ഗം ആംബുലന്‍സില്‍ ലിസി ആശുപത്രിയില്‍ എത്തിച്ചു. കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പോലീസ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
തമിഴ്നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിനാണ് (36) മസ്തിഷ്ക മരണം സംഭവിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിച്ചത്. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിങ്ങനെയാണ് ദാനം നല്‍കിയത്. അതീവ ദുഃഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന സ്റ്റാഫ് നഴ്സ് കൂടിയായ ഭാര്യ ഗീതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു.
Discussion about this post