കണ്ണൂർ: ജപ്തി നോട്ടീസ് ലഭിച്ച ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു.കേരള ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ച ക്ഷീര കർഷകർ പേരാവൂർ കൊളക്കാടിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ് (68) വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെ ഭാര്യ പള്ളിയിൽ പ്രാർത്ഥനക്ക് പോയി തിരിച്ചു വന്നപ്പോഴാണ് ആൽബർട്ടിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കേരള ബാങ്ക് പേരാവൂർ ശാഖയിൽ നിന്നും ആൽബർട്ടിന് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. കേരള ബാങ്ക് വായ്പ്പാ കുടിശികയായി 202040 രൂപയായിരുന്നു അടയ്ക്കാനുണ്ടായിരുന്നത്.
ചൊവ്വാഴ്ചയാണ് ലോൺ തിരിച്ചടക്കേണ്ട അവസാന ദിവസം. ഞായറാഴ്ച്ച കുടുംബശ്രീയിൽ നിന്ന് പൈസ തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. വായ്പ് തിരിച്ചടയ്ക്കാൻ പണം കണ്ടെത്താൻ ആകാത്തതിൽ കടുത്ത മാനസിക വിഷമത്തിലായിരുന്നു ആൽബർട് . ഇദ്ദേഹത്തിന് മറ്റു സാമ്പത്തിക ബാധ്യതകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
