കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കർഷകർ തുടർച്ചയായി ആത്മഹത്യ ചെയ്യുന്നതിലാണ് സുരേന്ദ്രൻ്റെ വിമർശനം. ക്ഷീര കർഷകർക്ക് കേന്ദ്ര സർക്കാർ നൽകുന്ന സഹായം കേരളത്തിൽ വിതരണം ചെയ്യുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കോടിക്കണക്കിനു രൂപ കേന്ദ്രം വിവിധ പദ്ധതികളിൽ കേരളത്തിന് നൽകുന്നതായി ചൂണ്ടിക്കാണിച്ച സുരേന്ദ്രൻ സംസ്ഥാനം ഇത് വകമാറ്റി ചെലവഴിക്കുകയാണെന്നും കുറ്റപ്പെടുത്തി. കർഷകൻ്റെ ആത്മഹത്യക്ക് ഉത്തരവാദി പിണറായി സർക്കാരാണെന്നും സുരേന്ദ്രൻ ആരോപിച്ചു. നവ കേരള സദസ്സ് കണ്ണൂരിൽ പൂർത്തിയാക്കി രണ്ടു ദിവസം കഴിയുന്നതിനു മുൻപാണ് കർഷകൻ്റെ ആത്മഹത്യയെന്നും ബിജെപി അധ്യക്ഷൻ ചൂണ്ടിക്കാണിച്ചു. നവകേരള നുണ സദസ്സ് ആണ് മുഖ്യമന്ത്രി നടത്തുന്നതെന്നും പേര് നവ കേരള നുണ സദസ്സ് എന്നാക്കണമെന്നും സുരേന്ദ്രൻ പരിഹസിച്ചു. കേന്ദ്രത്തിൽ നിന്നും ഒരു കുടിശ്ശികയും കൊടുക്കാൻ ഇല്ല. എല്ലാ നികുതി വിഹിതവും കൊടുത്തു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു. കേന്ദ്രം അവഗണിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അത് ഏത് കാര്യത്തിൽ ആണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഏത് കുടിശ്ശിക ആണ് കിട്ടാനുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു. വിഹിതം കിട്ടാൻ സമ്മർദം ചെലുത്തി എന്ന് പറയുന്നത് കളവാണ്. വിഹിതം കിട്ടാൻ കണക്കും അപേക്ഷയും പദ്ധതിയും സമർപ്പിക്കണം. നുണ പ്രചരണം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേന്ദ്ര പദ്ധതികൾക്ക് അമ്മായി അപ്പൻ്റെയും മരുമകൻ്റെയും പടം വയ്ക്കുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Discussion about this post