ഡൽഹി: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ ഉടന്‍ പുറത്തെത്തിക്കും. കഴിഞ്ഞ 17 ദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനം അവസാന മണിക്കൂറുകളിലേക്ക് കടന്നു. തുരങ്കം കുഴിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. തൊഴിലാളികളെ പുറത്തെടുക്കാനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ചെറിയ ഇരുമ്പ് സ്‌ട്രെച്ചര്‍ അകത്തേക്ക് അയച്ച് തൊഴിലാളികളെ അതില്‍ ഇരുത്തി ഓരോരുത്തരെയായി പുറത്തെത്തിക്കും.
തുരങ്കത്തിന് പുറത്ത് ഡോക്ടര്‍മാരും ആംബുലന്‍സുകളുംതയ്യാറാണ്. അതേസമയം സമീപത്തെ ആശുപത്രികളിലും സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികളെ തുരങ്കത്തില്‍ നിന്ന് പുറത്തെടുത്താലുടന്‍ അവരെ നേരിട്ട് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കും. അവര്‍ക്ക് ചികിത്സ നല്‍കും. കഴിഞ്ഞ 17 ദിവസമായി തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍, തൊഴിലാളികളുടെ ആരോഗ്യനില മോശം അവസ്ഥയിലായിരിക്കും. ഇത് കണക്കിലെടുത്തുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. തൊഴിലാളികളുടെ കുടുംബങ്ങളെയും തുരങ്കത്തിന് സമീപത്ത് എത്തിച്ചിട്ടുണ്ട്.
തുരങ്കത്തിനുള്ളില്‍ 800 എംഎം വ്യാസമുള്ള പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. പൈപ്പുകളിലൂടെയാണ് എന്‍ഡിആര്‍എഫ് സംഘം തൊഴിലാളികളിലേക്ക് എത്തുക. പൈപ്പ് വഴി തൊഴിലാളികളെ പുറത്തെടുക്കാന്‍ ഈ സംഘം സഹായിക്കും. തൊഴിലാളികള്‍ക്കായി വസ്ത്രങ്ങളും ബാഗുകളും തയ്യാറായി സൂക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഉത്തരകാശിയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട് .അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. ഇതോടെ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) അംഗം ലഫ്റ്റനന്റ് ജനറൽ (റിട്ട) സയ്യിദ് അത്താ ഹസ്നൈൻ പറഞ്ഞു. എന്നാൽ, മഴ കാരണം പ്രവൃത്തി തടസ്സപ്പെടാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

