കൊല്ലം: ആയൂരിൽ നിന്നും കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തു നിന്നും കണ്ടെത്തിയെങ്കിലും, കണ്ടെത്തിയതിന്റെ ക്രെഡിറ്റ് ആർക്ക് എന്നതിൽ ഇപ്പോൾ തർക്കം മുറുകുകയാണ്. അവകാശ വാദങ്ങൾ ഒഴിയുന്നില്ല. ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിലാണ് ആറുവയസ്സുകാരിയെ കണ്ടെത്തിയത്.
കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസും, കൊല്ലം എംഎൽഎ മുകേഷും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റുകൾ രൂക്ഷമായ പരിഹാസമാണ് നേരിട്ടത്.
കുട്ടിയെ കണ്ടെത്തിയതിന്റെ ക്രെഡിറ്റ് പിണറായി വിജയന് നൽകിക്കൊണ്ടാണ് മുഹമ്മദ് റിയാസ് പോസ്റ്റിട്ടത്. ‘മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരളാപോലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും
സല്യൂട്ട്.’ എന്നായിരുന്നു റിയാസിന്റെ പോസ്റ്റ് . എന്നാൽ റിയാസിന് മറുപടിയായി രൂക്ഷമായ പരിഹാസം ആണുയർന്നത്.
“ആഭ്യന്തരമന്ത്രിയുടെ മൂക്കിന് തുമ്പിൽ പ്രതികൾ വിലസി നടന്നിട്ടും അവരെ ഇതുവരെ പിടിക്കാൻ പറ്റിയില്ല. പരാജയം പരാജയം തന്നെയാണ്. ഇതിന്റെ എല്ലാ ക്രെഡിറ്റും ഉണർന്നുപ്രവർത്തിച്ച കേരളജനതയ്ക്കാണ്. അല്ലാതെ AC റൂമിൽ കറങ്ങി നടന്ന പിണറായിക്കല്ല.” , “ആരും ഇതിന്റെ ക്രെഡിറ്റിനു വേണ്ടി ദാഹിക്കേണ്ട സാധാരണ ജനങ്ങളാണ് യഥാർത്ഥത്തിൽ പോരാളികൾ.” ഇങ്ങിനെ പോകുന്നു പ്രതികരണങ്ങൾ.
പിന്നാലെ ‘മോൾ’ എന്ന കാപ്‌ഷനോടെ മുകേഷ് ,കുട്ടിക്കൊപ്പം പോസ്റ്റ് പങ്കുവെച്ചു. ഇതിനെതിരെയും പരിഹാസം ഉയർന്നു. കാണാതായ കൊല്ലം എംഎൽ എ യെ കണ്ടുകിട്ടി എന്നായിരുന്നു ട്രോളുകൾ നിറഞ്ഞത്.
“കൃത്യസമയത്ത് എത്തി കുട്ടിയെ എടുത്തുനിൽക്കുന്ന എംഎൽഎക്ക് അഭിനന്ദനങ്ങൾ”, “എം എൽഎ യെ “ജനങ്ങൾക്ക് മുന്നിൽ എത്തിച്ച മോൾക്ക് നന്ദി എന്നിങ്ങനെ കമന്റ് ബോക്സിൽ പരിഹാസം നിറഞ്ഞു . ഒടുവിൽ മുകേഷ് തന്നെ മറുപടിയുമായി രംഗത്തെത്തി .കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാലെന്നായിരുന്നു വിശദീകരണം.
കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ തങ്ങൾ ആണ് കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞതെന്ന് അവകാശപ്പെട്ട് പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

