കൊല്ലം: കൊല്ലത്ത് വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. കൊട്ടാരക്കര വാളകം ആർ.വി.വി എച്ച് എസ്എസ് ൽ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആർച്ച നന്ദനയെയാണ് തട്ടിക്കൊണ്ട് പോവാൻ ശ്രമം നടന്നത്.
പെൺകുട്ടി ട്യൂഷന് പോകുന്ന സമയത്ത് ഒമ്നി വാനിലെത്തിയ സംഘം പെൺകുട്ടിയെ, വാനിൽ വലിച്ച് കയറ്റാൻ ശ്രമിക്കുകയായിരുന്നു. തലച്ചിറ തെറ്റിയിലുള്ള വീട്ടിൽ ട്യൂഷന് പോകും വഴി അമ്പലത്തുവിളയിൽ വച്ചായിരുന്നു തട്ടിക്കൊണ്ട് പോകൽ ശ്രമം.
വാനിൽ വലിച്ചുകയറ്റാൻ ശ്രമിക്കുന്നതിനിടെ കുതറിയോടിയ പെൺകുട്ടി അലറിവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പിടിവലിക്കിടയിൽ പെൺകുട്ടിയുടെ ഉടുവസ്ത്രം കീറിയിട്ടുണ്ട്. ബാഗും സംഘം വലിച്ചെടുത്തു. സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് ഓടിക്കൂടി.

