കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അച്ഛൻ റെജിയെ കേന്ദ്രീകരിച്ചും അന്വേഷണം. ഇയാൾ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. റെജിയുടെ ഒരു ഫോൺ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്.
പത്തനം തിട്ടയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനാണ് റെജി. ഇവിടെ കഴിഞ്ഞ 10 വർഷമായി റെജി ജോലി ചെയ്യുന്നുണ്ട്. ആശുപത്രിക്കടുത്തുള്ള ഫ്ലാറ്റിലാണ് രജി താമസിച്ചിരുന്നത് . ഇവിടെയാണ് പോലീസ് പരിശോധന നടത്തിയത്. റെജി ഉപയോഗിച്ചിരുന്ന ഒരു ഫോൺ ഈ ഫ്ലാറ്റിലുണ്ടായിരുന്നു. അതാണ് പൊലീസ് കൊണ്ടുപോയത്. മറ്റെന്തെങ്കിലും ഇവിടെ നിന്ന് കണ്ടെടുത്തോയെന്ന് വ്യക്തമല്ല.
കുറ്റവാളികളെ കണ്ടെത്താൻ എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും, സംശയങ്ങൾ തീർക്കാൻ എല്ലാ വിധ അന്വേഷണവും നടത്തണം എന്നുമാണ് പോലീസ് വിശദീകരിക്കുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എന്ന ചുമതല റജി വഹിക്കുന്നുണ്ട്. ഇതുമായി എന്തെങ്കിലും ബന്ധം തട്ടിക്കൊണ്ട് പോകലിന് പിന്നിലുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
അതെ സമയം കുറ്റവാളികൾ പത്ത് ലക്ഷം രൂപ മാത്രം മോചന ദ്രവ്യമായി ആവശ്യപ്പെട്ടതും പോലീസ് സംശയിക്കുന്നുണ്ട്. അച്ചന്റെ പശ്ചാത്തലവുമായി തട്ടിക്കൊണ്ടു പോകലിന് ബന്ധമുണ്ടോ, പ്രതികളുടെ ഉദ്ദേശം മറ്റെന്തിങ്കിലും ആയിരുന്നോ, കുട്ടിയുടെ അമ്മയുടെ നമ്പർ പ്രതികൾക്ക് എങ്ങിനെ കിട്ടി എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
അതെ സമയം തട്ടിക്കൊണ്ടുപോകൽ നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും, പ്രതികളെ പിടിക്കാൻ സാധിക്കാത്തത് പോലീസിന്റെ കഴിവുകേടാണെന്ന വിമർശനം ശക്തമാണ്
Discussion about this post