തിരുവനന്തപുരം: അക്ഷരം കൂട്ടിവായിക്കാൻ അറിയാത്ത കുട്ടികൾക്കും എ പ്ലസ് ലഭിക്കുന്നുവെന്ന് വിമർശനം. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസാണ് മൂല്യ നിർണയത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. എസ്എസ്എൽസി ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിനായുള്ള ശിൽപശാലയ്ക്കിടെയായിരുന്നു ഷാനവാസിന്റെ വിമർശനം.
‘ആര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. പരീക്ഷകൾ പരീക്ഷകളാവുക തന്നെ വേണം. കുട്ടികൾ ജയിച്ചുകൊളളട്ടെ വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തിൽ കൂടുതൽ വെറുതെ മാർക്ക് നൽകരുത്.
എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ?
‘അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ് കിട്ടുന്നുണ്ട് .
69,000 പേര്‍ക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് എന്ന് വെച്ചാൽ, എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികൾക്ക് വരെ അതിൽ എ പ്ലസ് ഉണ്ട്.
‘എ പ്ലസും, എ ഗ്രേഡും നിസ്സാരമല്ല. ഇത് കുട്ടികളോടുള്ള ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവർക്ക് പോലും എ പ്ലസ് നൽകുന്നു. കേരളത്തെ ഇപ്പോൾ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത്” ഷാനവാസ് പറയുന്നു
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ മാതൃകയാക്കി ഉയർത്തിക്കാട്ടുന്നതിനിടയിൽ ആണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ വിമർശനം എന്നതും ശ്രദ്ധേയമാണ്. എസ് എസ് എൽ സി- പ്ലസ് ടു വിജയ ശതമാനത്തിൽ അഭിമാനിക്കുന്നതിനിടയിലാണ് വിജയം പെരുപ്പിച്ചു കാണിക്കുന്നതാണെന്ന സൂചന വിദ്യാഭ്യാസ ഡയറക്ടറുടെ വാക്കുകളിലൂടെ പുറത്ത് വരുന്നത്
Discussion about this post