ഡൽഹി: ഡിസംബർ 13 നോ, അതിന് മുൻപോ ആയി ഇന്ത്യൻ പാർലിമെന്റ് അക്രമിക്കുമെന്ന ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. വീഡിയോ സന്ദേശത്തിലൂടെയാണ് പന്നൂൻ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇന്ത്യൻ പാർലിമെന്റ് പാക് ഭീകരവാദികൾ അക്രമിച്ചതിന്റെ 22-ാം വാർഷികം കൂടിയാണ് ഡിസംബർ 13 എന്നത് ശ്രദ്ധേയമാണ്. പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്സൽ ഗുരുവിന്റെ ‘ഡൽഹി ബനേഗാ ഖലിസ്ഥാൻ’ (ഡൽഹി ഖാലിസ്ഥാനായി മാറും) എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റർ ഉൾക്കൊള്ളിച്ചാണ് ഭീഷണി വീഡിയോ പുറത്തു വിട്ടത്. തന്നെ കൊല്ലാനുള്ള ഗൂഢാലോചന പരാജയപ്പെട്ടതായും, ഇതിനു പ്രതികാരമായി ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്നുമാണ് ഭീഷണി.
പാർലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചിതിനിടയിൽ ആണ് ഭീഷണി. ഡിസംബർ 22 വരെയാണ് സമ്മേളനം. പന്നൂന്റെ ഭീഷണി വീഡിയോ പുറത്തുവന്നതോടെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ കെ-2 (കശ്മീർ-ഖാലിസ്ഥാൻ) ഡെസ്‌ക് ആണ് പുന്നുവിന് പിന്നിൽ എന്നാണ് സൂചന. ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഖാലിസ്ഥാൻ ഭീകരർക്ക് പിന്തുണ നൽകുന്നതും പാക്കിസ്ഥാൻ ചാര സംഘടനയാണ്.
യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) മേധാവിയാണ് പന്നൂൻ. കാനഡയിലെ ഇന്ത്യക്കാർ രാജ്യം വിടണമെന്നും അല്ലാത്ത പക്ഷം അവരെ കൊല്ലുമെന്നും പന്നൂൻ മുൻപ് ഭീഷണി മുഴക്കിയിരുന്നു. ലോകവ്യാപമായി ഖാലിസ്ഥാൻ ഭീരവാദികൾ അജ്ഞാതരാൽ കൊല്ലപ്പെടാൻ തുടങ്ങിയതോടെ പന്നൂന് ഒളിവിൽ പോയിരുന്നു. അമേരിക്കയിൽ നടന്ന വാഹനാപകടത്തിൽ പന്നൂൻ കൊല്ലപ്പെട്ടെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വ്യാജ പ്രചാരണത്തിന് പിന്നിൽ പന്നു തന്നെയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്

