കൊച്ചി: നവകേരള സദസ്സിനായി സ്കൂൾ മതിൽ പൊളിച്ചു. പെരുമ്പാവൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിന്റെ മതിലാണ് പൊളിച്ചത്. ഇന്ന് രാവിലെയാണ് സ്കൂൾ മതിലിന്റെ ഒരുഭാഗം പൊളിച്ചു നീക്കിയത്. ഡിസംബർ 10 നാണ് പെരുമ്പാവൂരിൽ നവകേരള യാത്രാസംഘം എത്തുന്നത്. ഇതിന്റെ ഭാഗമായാണ് മതിൽ പൊളിച്ചു മാറ്റിയത്
നവകേരള സദസ്സിനെത്തുന്നവർക്ക് വേഗത്തിൽ എത്താൻ വേണ്ടിയാണ് സ്കൂൾ മതിൽ പൊളിച്ചുമാറ്റിയതെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം. നേരത്തെ തന്നെ മതിലിന് കേടുപാടുകൾ ഉണ്ടായിരുന്നെന്നും അത് മാറ്റുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് മതിൽ പൊളിച്ചതെന്നുമാണ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് വിശദീകരിക്കുന്നത് .
അതെ സമയം നവകേരള സദസ്സിനു വേണ്ടി മതിൽ പൊളിക്കുന്നത് അനുവദിക്കില്ലെന്ന് വ്യക്തമാക്കി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധവുമായി സ്ഥലത്തെത്തി. യൂത്ത് കോൺഗ്രസുകാരെ പ്രതിരോധിക്കാൻ സിപിഎം നേതാക്കളും രംഗത്തെത്തിയത് വാക്കേറ്റത്തിനും, സംഘർഷത്തിനും കാരണമായി. തുടർന്ന് പോലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. മതിൽ പൊളിക്കുന്നതിനായി സംഘടക സമിതി നഗരസഭയെ സമീപിച്ചിരുന്നെങ്കിലും നഗരസഭാ അനുമതി നൽകിയിരുന്നില്ല. തുടർന്ന് പിടിഎ യുടെ അനുമതിയോടെയാണ് മതിൽ പൊളിക്കാൻ തുടങ്ങിയത്. നവകേരള സദസ്സ് പുരോഗമിക്കുന്നതിനിടയിൽ വിവിധയിടങ്ങളിൽ നിന്നും സമാനമായ ആരോപണങ്ങൾ ഉയരുന്നുണ്ട്
Discussion about this post