പേരാമ്പ്ര: മുഗളന്‍മാര്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ലെന്നും, അങ്ങനെ ശ്രമിച്ചിരുന്നെങ്കില്‍ അവര്‍ ഭരിച്ചിരുന്ന ഗംഗാസമതലത്തില്‍ മുഗളമതത്തിന് ഭൂരിപക്ഷം കിട്ടുമായിരുന്നുവെന്നും സ്പീക്കർ എ എൻ ഷംസീര്‍. കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ ആയിരുന്നു ഷംസീറിന്റെ പരാമർശം .
അതെ സമയം സ്കൂൾ കലോത്സവ വേദി സ്പീക്കർ രാഷ്ട്രീയ – വിദ്വേഷ പ്രസംഗത്തിനുള്ള വേദിയാക്കിമാറ്റിയെന്ന് ആരോപണം ഉയർന്നു. വിദ്യാർത്ഥികളെയും, അധ്യാപകരെയും മുന്നിൽ കിട്ടിയപ്പോൾ തന്റെ പതിവ് രാഷ്ട്രീയ പ്രസംഗ ശൈലിയിലേക്ക് ഷംസീർ കടന്നുവെന്നാണ് ആരോപണം.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സ്വച്ഛഭാരത് പദ്ധതിയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചുകൊണ്ട് കേന്ദ്രസർക്കാരി നെ ആക്രമിച്ചു കൊണ്ടായിരുന്നു സ്പീക്കർ പ്രസംഗം തുടങ്ങിയത്. ഗാന്ധിജിയുടെ കണ്ണട വേണം, ആദര്‍ശം വേണ്ട എന്ന നിലപാടാണ് ഇതിലുള്ളതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു. ജാതിയുടെയും മതത്തിന്റെയും പേരില്‍ കേന്ദ്രസര്‍ക്കാര്‍ കലഹിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും ഷംസീർ ആരോപണം ഉയർത്തി.
പാഠപുസ്തകങ്ങളില്‍ നിന്ന് ഗാന്ധിജിയെയും മൗലാന അബ്ദുള്‍ കലാം ആസാദിനെയും ഒഴിവാക്കുകയാണ്, ഗാന്ധിജിയെയും ആസാദിനെയും പുതുതലമുറ പഠിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പഠിക്കേണ്ടെന്ന് തിട്ടൂരമിറക്കുകയാണ്. എന്നിങ്ങനെയായിരുന്നു സ്പീക്കറുടെ കലോത്സവവേദിയിലെ പ്രസംഗം.
മുഗളചരിത്രം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു. മുഗളന്‍മാര്‍ വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമിച്ചതുകൊണ്ടാണെന്ന കാരണത്താലാണ് അത് മാറ്റിയത്. എന്നാല്‍ മുഗളന്‍മാര്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ല. അങ്ങനെ ശ്രമിച്ചിരുന്നെങ്കില്‍ അവര്‍ ഭരിച്ചിരുന്ന ഗംഗാസമതലത്തില്‍ മുഗളമതത്തിന് ഭൂരിപക്ഷം കിട്ടുമായിരുന്നുവെന്നും ഷംസീര്‍ പറഞ്ഞു.
ഭാരതത്തില്‍ ദേശീയതയ്ക്ക് പകരം വംശീയതയെ പ്രതിഷ്ഠിക്കുകയാണ്. ഇസ്രായേലില്‍ ജൂതദേശീയത, ഇറാനില്‍ ഷിയാ മുസ്ലിം, തുര്‍ക്കിയില്‍ സുന്നി മുസ്ലിം എന്നെഴുതുന്നതുപോലെ ഇന്ത്യയില്‍ ഹിന്ദുദേശീയത എന്നാക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യം വംശീയ ജനാധിപത്യമെന്ന അപകടകരമായ സാഹചര്യത്തിലേക്ക് പോകുകയാണെന്നും ഷംസീർ പറഞ്ഞു. പ്രസംഗത്തിലുടനീളം സിപിഎമ്മിന്റെ രാഷ്ട്രീയ വേദികളിലെ സ്ഥിരം ആരോപണങ്ങളായിരുന്നു നിറഞ്ഞു നിന്നത്
Discussion about this post