പത്തനംതിട്ട: ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാനുള്ള കരാർ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്. കരാർ നൽകുന്നതിൽ ദേവസ്വം ബോർഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല.
ഏലയ്ക്കയിൽ കീടനാശിനി കണ്ടെത്തിയതിനെ തുടർന്ന് വിൽപ്പന നിരോധിച്ച 6.65 ലക്ഷം ടിൻ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. കീടനാശിനി കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ തീർത്ഥാടന കാലത്ത് അരവണ വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇങ്ങിനെ കെട്ടിക്കിടന്ന അരവണ നശിപ്പിക്കാൻ സുപ്രിം കോടതി അനുമതി നൽകിയിരുന്നു . എന്നാൽ ഒരു വർഷമായി അരവണ എങ്ങനെ നശിപ്പിക്കുമെന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
ശബരിമല വനത്തിൽ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് നീക്കം നടത്തിയിരുന്നെങ്കിലും, വനസംരക്ഷണ നിയമത്തിലെയും വന്യജീവി സംരക്ഷണ നിയമത്തിലേയും വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി വനം വകുപ്പ് ഈ നീക്കം തടഞ്ഞു. തുടർന്നാണ് മറ്റുവഴികൾ സർക്കാർ ആലോചിച്ചത്.
സന്നിധാനത്ത് പ്രത്യേകം യന്ത്രം എത്തിച്ച് അരവണയും ടിന്നും വേർതിരിച്ച് നശിപ്പിക്കാനുള്ള ആശയമാണ് ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് മുന്നോട്ടുവെച്ചത്. ഗുരുവായൂരിൽ മാലിന്യ നിർമ്മാർജനം നടത്തുന്ന സ്ഥാപനവും ബോർഡിനെ സമീപിച്ചിട്ടുണ്ട്. അരവണ ടിന്നുകൾ പമ്പയിൽ എത്തിച്ച് നൽകിയാൽ ഏറ്റെടുക്കാമെന്നാണ് ഈ കമ്പനിയുടെ നിർദേശം.
അടുത്ത ദിവസം ചേരുന്ന ബോർഡ് യോഗത്തിൽ, കമ്പനികൾ മുന്നോട്ടുവച്ച ആശയങ്ങൾ ചർച്ച ചെയ്യും. ടെണ്ടർ നൽകിയാൽ കൂടുതൽ സ്ഥാപനങ്ങൾ എത്തുമെന്നാണ് ദേവസ്വം ബോർഡ് കണക്ക് കൂട്ടുന്നത്. എങ്ങനെ നശിപ്പിക്കുമെന്ന കാര്യത്തിൽ കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി, ഹൈക്കോടതി ദേവസ്വം ബഞ്ചിനെ ധരിപ്പിക്കേണ്ടതുമുണ്ട്
Discussion about this post