കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിച്ചത്. അതിജീവിതയുടെ ഹർജി അംഗീകരിച്ചാണ് കോടതി ഉത്തരവ്.
വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടി കോടതിയെ സമീപിച്ചത്. ആരെങ്കിലും ദൃശ്യം പരിശോധിക്കുമ്പോഴാണ് ഹാഷ് വാല്യു മാറുന്നതെന്നും കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ആരോ പരിശോധിച്ചെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും അതിജീവിത കോടതിയിൽ വ്യക്തമാക്കി. 2018 ജനുവരി ഒമ്പതിനും ഡിസംബര്‍ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021ൽ ജൂലൈയിലും ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നുമായിരുന്നു ഫോറന്‍സിക് പരിശോധനയിലെ കണ്ടെത്തൽ . വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് ഗുരുതരമായ വിഷയമാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടിരുന്നു.
ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ജില്ലാ ജഡ്ജി വസ്തുതയെന്തെന്ന് അന്വേഷിക്കണമെന്നും ആവശ്യമെങ്കിൽ പൊലീസിന്റെയോ മറ്റ് ഏജൻസികളുടെ സഹായം തേടാമെന്നും കോടതി പറഞ്ഞു. അന്വേഷണത്തിൽ ആരെങ്കിലും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. അതിജീവിതയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
‘കോടതിയിലുള്ളത് തന്റെ ദൃശ്യങ്ങളാണ്. അത് പുറത്ത് പോയാല്‍ ഭാവിയെ ബാധിക്കും. ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്നായിരുന്നു അതിജീവിതയുടെ ഹർജിയിലെ ആവശ്യം
മെമ്മറി കാര്‍ഡ് ഫോണിലിട്ട് പരിശോധിച്ചതിന് തെളിവുകളുണ്ടെന്നും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം അതിജീവിതയുടേത് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നായിരുന്നു ദിലീപിന്റെ ആരോപണം. ഹര്‍ജി അനാവശ്യമാണെന്നും തള്ളണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു.
Discussion about this post