കോഴിക്കോട്: സർവ്വകലാശാലകൾ കാവിവൽക്കരിക്കുന്നുവെന്ന എസ് എഫ്ഐ ആരോപണത്തിന് മറുപടിയുമായി എബിവിപി. അക്കാദമിക് മികവ് പുലർത്തിയവരെ സർവ്വകലാശാലകളിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്യുമെന്നും, എകെജി സെന്ററിൽ നിന്ന് എഴുതികൊടുക്കുന്ന പേരുകൾ തുറന്നുപോലും നോക്കാതെ നോമിനേറ്റ് ചെയ്യുന്ന കീഴ്‌വഴക്കം കഴിഞ്ഞുപോയെന്നും എബിവിപി കേന്ദ്ര പ്രവർത്തക സമിതി അംഗം എൻസിടി ശ്രീഹരി
സർവകലാശാല സെനറ്റ് അംഗങ്ങളായി എബിവിപി പ്രവർത്തകരെ നോമിനേറ്റ് ചെയ്തതിനെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നടത്തിയ പരാമർശത്തിനെതിരെയാണ് എബിവിപി മറുപടി. ധനുവച്ചപുരം വി ടി എം കോളേജിലെയും, പന്തളം എൻ എസ് എസ് കോളേജിലെയും എബിവിപി യൂണിറ്റ് ഭാരവാഹികളുടെ പേര് ഗവർണ്ണറുടെ ടേബിളിൽ എത്തിയെന്നും, കെ സുരേന്ദ്രൻ ബിജെപി ഓഫീസിൽ നിന്നും എഴുതി തയ്യാറാക്കി നൽകുന്ന ലിസ്റ്റിൽ പെട്ടവരെയാണ് ഗവർണർ സെനറ്റ് അംഗങ്ങളായി നോമിനേറ്റ് ചെയ്‌തെന്നുമായിരുന്നു എസ് എഫ് ഐ ആരോപണം.
സർവ്വകലാശാലകളിലെ സെനറ്റ് നോമിനികൾ സിപിഎമ്മിന് ആളുകളെ തിരുകി കയറ്റാനുള്ളതല്ലെന്ന് എസ്എഫ്ഐ ഇനിയെങ്കിലും മനസ്സിലാക്കണം. സെനറ്റിലേക്ക് അക്കാദമിക് മികവ് പുലർത്തിയവരെയാണ് ഗവർണർ നോമിനേറ്റ് ചെയ്യേണ്ടത്, കാലങ്ങളായി എകെജി സെന്റ്റിൽ നിന്ന് എഴുതികൊടുക്കുന്ന പേരുകൾ തുറന്നുപോലും നോക്കാതെ നോമിനേറ്റ് ചെയ്യുന്ന കീഴ്‌വഴക്കം കഴിഞ്ഞുപോയി. അതില്‍ എസ്എഫ്ഐ വിറളി പൂണ്ടിട്ട് കാര്യമില്ല. ശ്രീഹരി അഭിപ്രായപ്പെട്ടു
ഗവർണർ നോമിനേറ്റ് ചെയ്ത വിദ്യാർത്ഥികൾ അതാത് മേഖലയിൽ കഴിവുള്ളവരാണ്. പന്തളം NSS കോളേജിലെ സുധി സദൻ എന്ന വിദ്യാർത്ഥി മിസ്റ്റർ ആലപ്പുഴ ആയിരുന്നു. ബോഡി ബിൽഡിംഗ് ഇന്റർ കോളേജ് മത്സരങ്ങളിൽ സിൽവർ മെഡലിസ്റ്റ് കൂടി ആണ്. മറ്റ് ആളുകളും അത്തരം മേഖലയിൽ നിപുണരാണെന്ന് മനസ്സിലാക്കുന്നു. ഒരു വിദ്യാർത്ഥി എബിവിപി പ്രവർത്താനായത് കൊണ്ട് മാറ്റി നിർത്തണമെന്നാണ് എസ്എഫ് ഐ അടക്കമുള്ള ഇടതുപക്ഷ സംഘടനകൾ പറയുന്നതെങ്കിൽ എല്ലാ തവണയും എസ്എഫ് ഐക്കാരന് മാത്രം അവസരം ലഭിക്കുമെന്നത് തെറ്റി ധാരണയാണ്.
വ്യാജസർട്ടിഫിക്കറ്റ്, പിൻവാതിൽ നിയമനം തുടങ്ങിയ വിഷയങ്ങളിൽ ആഗ്രഗണ്യരായവർ ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് തന്നെ അപഹാസ്യകരമാണ്. ഗവർണർ സെനറ്റ് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത് അദ്ദേഹത്തിന്റെ അധികാര പരിധിയാണ്. അതിൽ സിപിഎം പറയുന്നത് ചെയ്യണം എന്ന മനോഭാവത്തിന് മറുപടി കണ്ണൂർ വിസി നിയമനത്തിൽ സുപ്രീം കോടതിയുടെ വിധിയാണ് .ശ്രീഹരി കൂട്ടിച്ചേർത്തു
Discussion about this post