കൊച്ചി: അങ്കമാലിയിൽ കെഎസ് യു- യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ മർദിച്ചതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. അവിടെ അക്രമമല്ല, രക്ഷാ പ്രവർത്തനമാണ് നടന്നതെന്നും ബസ്സിന് മുന്നിൽ ചാടിയവരെ രക്ഷിക്കുകയാണ് ചെയ്തതെന്നും സജി ചെറിയാൻ.
നവകേരള യാത്രയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കേണ്ട ചുമതല നാട്ടുകാർ ഏറ്റെടുത്തിരിക്കുകയാണ്. നാട്ടുകാരെ ഞങ്ങൾക്ക് തടയാൻ സാധിക്കുമോ? മുഖ്യമന്ത്രിയും, മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനമാണ്. ചില പ്രതിരോധങ്ങൾ സ്വാഭാവികമായും ഉണ്ടാകും. സജി ചെറിയാൻ പറഞ്ഞു.
ബസ്സിന് മുന്നിൽ ചാടാനാണ് അവരുടെ ശ്രമം. ആത്മഹത്യ സ്‌ക്വാഡിനെ രക്ഷിക്കുക മാത്രമാണ് നാട്ടുകാർ ചെയ്‌തത്. അവർക്ക് നവകേരള യാത്ര കഴിയും മുമ്പ് ഒരു രക്തസാക്ഷിയെ വേണം. മന്ത്രി പറഞ്ഞു .
എറണാകുളം അങ്കമാലിയിൽ വെച്ചാണ് നവ കേരള സദസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ പ്രതിഷേധിച്ച കെഎസ്‌യുവിന്റെ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലിയത് . മര്‍ദ്ദന ദൃശ്യങ്ങൾ ചിത്രീകരിച്ച മാധ്യമ പ്രവർത്തകരെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തു. ആലുവയിലെ നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും വരുമ്പോഴായിരുന്നു സംഭവം
Discussion about this post