കൊച്ചി : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, വീണ വിജയനും ഹൈക്കോടതി നോട്ടീസ്. മാസപ്പടി ഡയറിയിൽ പ്രതിപാദിച്ച മുഴുവൻ പേർക്കും നോട്ടീസ് അയക്കാൻ ആണ് ഹൈക്കോടതി തീരുമാനം 12 പേരാണ് ലിസ്റ്റിൽ ഉള്ളത് . മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ആണ് കോടതിയുടെ ഇടപെടൽ.
കേസിൽ എല്ലാവരെയും കേൾക്കണമെന്നും, എതിർകക്ഷികളെ കേൾക്കാതെ തീരുമാനം എടുക്കാൻ ആവില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയും, മകളും, രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയെന്നതാണ് കേസ്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഗിരീഷ് ബാബു ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത.
വിജിലൻസ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ അറിയിച്ചിരുന്നു. കേസിൽ തെളിവില്ലെന്ന വിജിലൻസ് കോടതി കണ്ടെത്തൽ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്നതിന് സാക്ഷിമൊഴികൾ ഉള്ള സാഹചര്യത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.
ഹർജിക്കാരനായ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടർന്നാണ് കേസിൽ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. കരിമണൽ കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം
Discussion about this post