മലപ്പുറം: തിരക്കുള്ള ബസ്സിൽ പെൺകുട്ടിയെ കയറിപ്പിടിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. വളാഞ്ചേരി ആതവനാട് സ്വദേശി കോല്‍ക്കാട്ടില്‍ വീട്ടില്‍ സജീഷ് (45) ആണ് പിടിയിലായത്. പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനിയെ പിറകില്‍ നിന്നും കയറിപ്പിടിവെന്ന പരാതിയിൽ പെരിന്തല്‍മണ്ണ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബസ് പുത്തനങ്ങാടി എത്തിയപ്പോൾ പ്രതി പെൺകുട്ടിയെ കയറിപിടിച്ചുവെന്നാണാരോപണം. പെൺകുട്ടി ബഹളം വച്ചതോടെ, ബസ്സിലെ മറ്റുയാത്രികർ ഇയാളെ തടഞ്ഞുവയ്ക്കുകയും, ബസ് ജീവനക്കാർ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയുമായിരുന്നു.
വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

