പത്തനംതിട്ട: രണ്ട് ദിവസത്തെ ഭക്തജന പ്രവാഹം മൂലം വീർപ്പ് മുട്ടിയ ശബരിമല സന്നിധാനത്ത് ഇന്ന് തിരക്കിന് നേരിയ ശമനം. ഭക്തജന തിരക്കുണ്ടെങ്കിലും നിലവിൽ ഇവിടെ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്. രാവിലെ 6 മണി വരെ പമ്പയിൽ നിന്ന് ഏകദേശം 20,000 പേർ മലകയറി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഭക്തർക്ക് 14 മണിക്കൂർ വരെ ദർശനത്തിനായി കാത്തുനിൽക്കേണ്ടി വന്നിരുന്നു.
എന്നാൽ ഇന്ന് അതിൽ കാര്യമായ മാറ്റമുണ്ട്. കാത്തിരിപ്പ് സമയം നാല് മണിക്കൂറായി ചുരുങ്ങി എന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാന കാര്യം. ക്യൂ നിൽക്കുന്ന സമയം കുറഞ്ഞിട്ടും, പമ്പയിലും നിലയ്ക്കലിലും ഇപ്പോഴും ആൾത്തിരക്ക് തുടരുന്നുണ്ട്. കഴിഞ്ഞ ദിവസത്തേതിന്റെ അത്ര ഇല്ലെങ്കിലും ഇവിടെ ഭക്തജനങ്ങളുടെ വലിയ കൂട്ടം തന്നെ ഇപ്പോഴും തുടരുന്നുണ്ട്.
പതിനെട്ടാം പടി കയറ്റി വിടുന്നതിൽ താമസം തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മിനിറ്റിൽ 70 പേരെങ്കിലും പടി കയറണമെന്ന് പറയുന്ന സ്ഥാനത്ത് ഇപ്പോൾ പരമാവധി 40 പേരിൽ കൂടുതൽ പടികയറ്റാൻ പോലീസിന് കഴിയുന്നില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ പരിചയ കുറവാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
ആദ്യ ഘട്ടത്തിൽ പതിനെട്ടാം പടിയിൽ സേവനത്തിനുണ്ടായിരുന്ന പോലീസുകാർ മിനിറ്റിൽ 80 പേരെ വരെ കയറ്റി വിടുമായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഇവിടെ ഉണ്ടാവാറുണ്ട്. എന്നാൽ നിലവിൽ അത്തരം പ്രവർത്തികളൊന്നും കൃത്യമായി ഏകോപിച്ച് നടപ്പാക്കാൻ ആരും തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം, തീര്‍ഥാടക പ്രവാഹം തുടർന്നതോടെ വന്‍ ഗതാഗതക്കുരുക്കാണ് ജില്ലയിൽ പലയിടത്തും ഉണ്ടായിരിക്കുന്നത്. കോട്ടയം-പമ്പ, പത്തനംതിട്ട-പമ്പ റൂട്ടുകളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കോട്ടയം റൂട്ടില്‍ കണമല മുതല്‍ എലവുങ്കല്‍ വരെ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമാണ്. ഇടത്താവളങ്ങള്‍ നിറഞ്ഞ നിലയിലാണ്. നിലയ്ക്കലിൽ പാര്‍ക്കിങ് നിനഞ്ഞു കവിഞ്ഞതോടെ വാഹനങ്ങള്‍ തടയുകയാണ് ഇവിടെ.
ശബരിമലയിലെ വൻ ഭക്തജന തിരക്ക് കണക്കിലെടുത്ത് ഇന്നലെ മുതൽ ദർശന സമയം കൂട്ടാൻ തീരുമാനിച്ചിരുന്നു. വൈകീട്ട് നാലിന് തുറക്കേണ്ട നട മൂന്ന് മണിക്ക് തുറക്കാനായിരുന്നു തീരുമാനം. ദർശനത്തിനായി തീർത്ഥാടകർ മണിക്കൂറുകളോളം ജലപനമില്ലാതെ ക്യൂ നിൽക്കേണ്ട സ്ഥിതിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നത്. ഇതിന് പുറമെ ക്യൂ കോംപ്ലക്‌സിൽ മതിയായ സൗകര്യങ്ങളില്ലെന്ന പരാതിയും തീർത്ഥാടകർ ഉയർത്തിയിരുന്നു.
Discussion about this post