ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ 2024 സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി. 2024 സെപ്റ്റംബര്‍ 30-നകം നടത്താനാണ് കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി നിര്‍ദേശം. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടിയെ ശരിവെച്ച സുപ്രിംകോടതി, രാഷ്ട്രപതി ഭരണത്തിൽ പാർലമെന്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി.
ആർട്ടിക്കിൾ 370 യുദ്ധ സാഹചര്യത്തിൽ രൂപീകരിച്ച താത്കാലിക നിയമമായിരുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് അഞ്ചംഗ ബെഞ്ച് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. 2019-ല്‍ ജമ്മു കശ്മീരില്‍ നിന്ന് വേര്‍പ്പെടുത്തി ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയും സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്.

