രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞത്. അപ്പോള്‍ തന്നെ വിവിധ ഹര്‍ജികള്‍ ഇതിനെ ചോദ്യം ചെയ്ത് സുപ്രിംകോടതിയിൽ നല്‍കിയിരുന്നുവെങ്കിലും നാല് വര്‍ഷത്തിനുശേഷമാണ് ഇതു സംബന്ധിച്ച വിധി വരുന്നത്. പൂര്‍ണമായും സര്‍ക്കാരിന്റെ തീരുമാനങ്ങളെ അംഗീകരിക്കുകയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുളള അഞ്ചംഗ ബഞ്ച് ചെയ്തത്. രാജ്യത്തിന്റെ ദേശീയതയിലൂന്നി ജനങ്ങളുടെ സമാധാനം മാത്രം ആഗ്രഹിച്ച് പ്രവർത്തിക്കുന്ന ഒരു ഭരണകൂടത്തിന്റെ ഇംഗിതം നടപ്പിലാകുമ്പോൾ, ഒരുപാടുകാലമായി നീറുന്ന കശ്മീരിന്റെ മണ്ണിന് ഇനി പുരോഗതിയുടെ നാളുകളായിരിക്കും എന്നതിൽ തർക്കമില്ല.
സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യ്ത് ഇതേ സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും നൽകിയത്. ജമ്മു കശ്മീരിലെയും, ലഡാക്കിലെയും ജനങ്ങളുടെ പ്രതീക്ഷയുടെയും, പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമാണ് സുപ്രീം കോടതി വിധിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി ചരിത്രപരവും, പാര്‍ലമെന്റിന്റെ തീരുമാനത്തെ ഭരണഘടനാപരമായി ശരിവെക്കുന്നതുമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യക്കാരനെന്ന നിലയില്‍ നാം കാത്തുസൂക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു, നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഞങ്ങളുടെ ആത്മസമര്‍പ്പണത്തില്‍ അണുവിട പോലും മാറ്റം വരില്ല. ആര്‍ട്ടിക്കിള്‍ 370 മൂലം ദുരിതമനുഭവിക്കുന്ന ഏറ്റവും ദുര്‍ബലരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങള്‍ക്ക് പുരോഗതിയുടെ ഫലങ്ങള്‍ എത്തിക്കുന്നതിന് വേണ്ടിയായിരുന്നു സര്‍ക്കാരിന്റെ നടപടി. സുപ്രീം കോടതി വിധി പ്രതീക്ഷയുടെ വെളിച്ചമാണ്. അത് ഭാവി തിളക്കമേറിയതാക്കുകയും, കൂടുതല്‍ കരുത്തുറ്റതും, ഐക്യമുള്ളതുമായ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും സുപ്രീം കോടതി വിധിയെ പ്രശംസിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘദര്‍ശിയായ കാഴ്ച്ചപ്പാടുകളുടെ ഭാഗമായിട്ടാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കപ്പെടുന്നത്. അതിന് ശേഷം കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയെന്നും, സമാധാനം കശ്മീര്‍ ജനതയ്ക്ക് ലഭിച്ചുവെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു. വളര്‍ച്ചയും വികസനവും കശ്മീരിലെ ജനതയുടെ ജീവിതത്തിന് പുതിയ അര്‍ത്ഥം സമ്മാനിച്ചിരിക്കുകയാണ്. ടൂറിസം, കാര്‍ഷിക മേഖലകളില്‍ അഭിവൃദ്ധിയുണ്ടായിരിക്കുകയാണ്. ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ജനങ്ങളുടെ വരുമാനം അതിനൊത്ത് ഉയര്‍ന്നിരിക്കുകയാണ്.
സുപ്രീം കോടതി വിധി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഭരണഘടനാപരമാണെന്ന് ഉറപ്പിക്കുന്നതാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. അതേസമയം അമിത് ഷാ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളും ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചു. ജമ്മു കശ്മീര്‍ സംവരണ ഭേദഗതി ബില്‍, ജമ്മു കശ്മീര്‍ റീഓര്‍ഗനൈസേഷന്‍ ബില്‍ എന്നിവയാണിത്.

