തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിന്റെ വാദം പൊളിയുന്നു. അംഗങ്ങൾ യോഗം ചേർന്നതിന്റെ മിനുട്സ് പുറത്ത്. ജനറൽ കൗൺസിലിലെ 15 അംഗങ്ങളിൽ ഒമ്പത് പേരും യോഗത്തിൽ പങ്കെടുത്തതിന്റെ പുറത്തുവന്നിരിക്കുന്നത്. വിമത യോഗം ചേർന്നു എന്ന വാർത്ത ചെയർമാൻ തള്ളിയിരുന്നു. ഇത് തെറ്റാണ് എന്ന് തെളിയിക്കുന്ന രേഖയാണിത്.
ഇതിൽ കുക്കുവും സോഹനും പങ്കെടുത്തതിന്റെ തെളിവുകളുമുണ്ട്. കുക്കുവും സോഹനും പങ്കെടുത്തത് ഓൺലൈനിലൂടെയാണ്. പരാതി ഉന്നയിച്ച കുക്കുവിനോട് ജോലി അവസാനിപ്പിച്ചു വീട്ടിൽ പോകാൻ ചെയര്‍മാന്‍ പറഞ്ഞെന്നു മിനുട്സില്‍ പറയുന്നുണ്ട്. കുക്കുവും സോഹനും പങ്കെടുത്തില്ല എന്നായിരുന്നു രഞ്ജിത് നേരത്തെ അവകാശപ്പെട്ടത്.
താന്‍ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നും തനിക്കെതിരെ ഭരണ സമിതി അംഗങ്ങള്‍ വിമത യോഗം ചേര്‍ന്നിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരായ കടുത്ത പ്രതിഷേധവുമായി കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെത്തിരെ15 അംഗ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ 9 അംഗങ്ങള്‍ യോഗം ചേര്‍ന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും ചലച്ചിത്ര അക്കാദമി സെക്രട്ടറിക്കും കത്തയച്ചത്. രഞ്ജിത്തിനെ പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.

