തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതിഗതികൾ വിലയിരുത്താൻ ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കോവിഡ് പരിശോധനകൾ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തേക്കും.
അതെ സമയം കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാൾ പരിശോധന കൂടുതൽ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് ഉയർന്ന കോവിഡ് കണക്ക് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. അതിവേഗം പടരുന്ന ജെഎൻ 1 വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കടുപ്പിക്കണം എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്
സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും കോവിഡ് ബാധിച്ച് ഒരാൾ മരിച്ചിരുന്നു. കോഴിക്കോട് കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇയാൾ. മരണശേഷം നടത്തിയ പരിശോധനയിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത്. തലശ്ശേരി പാനൂരിലും കോവിഡ് ബാധിച്ചു ഒരാൾ മരിച്ചിരുന്നു. പാലക്കണ്ടിയിലെ എൺപതുകാരനാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ശ്വാസ തടസ്സത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎൻ 1. സെപ്റ്റംബറിൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ചൈനയിലും ഏഴ് കേസുകൾ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലും ഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി
Discussion about this post