കൊച്ചി: ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന പ്രതി അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശിയായ എം.എസ് ഷാ യാണ് അറസ്സിലായത്.നൂറനാട് സ്വദേശിനിയായ 18 കാരിയുടെ പരാതിയിൽ ആണ് ഇയാൾ അറസ്റ്റിൽ ആയത്. പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്.
ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ച് പെൺകുട്ടിയുമായി ഇയാൾ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി വലയിലാക്കി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ സ്വർണ്ണ മാലയും, കമ്മലും പ്രതി കൈക്കലാക്കുകയും ചെയ്തു. ഇയാളുടെ വലയിൽ നിന്നും രക്ഷപെടാൻ സാധിക്കാത്ത വിധത്തിൽ ആണ് പെൺകുട്ടി ചതിയിൽ അകപ്പെട്ടത്
പെൺകുട്ടികൾക്ക് ഇൻസ്റ്റാഗ്രാമിലൂടെ മെസ്സേജുകൾ അയയ്ക്കുകയും മറുപടി അയക്കുന്ന പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയുമായിരുന്നു ഇയാളുടെ പതിവ്
ഈ മാസം ഒന്പതാം തീയതി രാത്രി വീടിനു സമീപം എത്തിയ പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിളിച്ചിറക്കി കൊണ്ടുപോവുകയും, ഭരണിക്കാവിലെ വാടകവീട്ടിൽ എത്തിച്ച് പീഡനത്തിനിരയാക്കുകയും ചെയ്തു. തുടർന്ന് കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പെൺകുട്ടി പലതവണ പ്രതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫാക്കിയ നിലയിൽ ആയിരുന്നു
ചതിയിൽ അകപ്പെട്ട പെൺകുട്ടി ഒടുവിൽ പോലീസിൽ അഭയം പ്രാപിക്കുകയായിരുന്നു. നൂറനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് പ്രതിയെ കഴിഞ്ഞ ദിവസം ശാസ്താംകോട്ടയില്‍ നിന്നാണ് സി.ഐ ശ്രീജിത്തിന്റെ നേതൃത്യത്തിൽ അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്. നിരവധി പെൺകുട്ടികളെ പ്രതി സമാനമായ രീതിയിൽ ചതിയിൽ പെടുത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നുമാണ് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്
ഇൻസ്റ്റഗ്രാമിൽ മനോഹരമായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുള്ള ഷാ, പെൺകുട്ടികൾക്ക് മെസ്സേജുകൾ അയയ്ക്കും. ചാറ്റുകളോട് പ്രതികരിക്കുന്ന പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കുന്നതാണ് പതിവ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് എം.എസ് ഷാ. ഇയാളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

