കൊല്ലം: നവകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധം യുവമോർച്ച ശക്തമാക്കിയതോടെ സമരം കൂടുതൽ കടുപ്പിക്കാൻ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്സ്. നവകേരളയാത്രയ്ക്കതിരായ സമരത്തിൽ യുവമോർച്ചയുടെ മുന്നേറ്റം ചൂണ്ടിക്കാട്ടി കോൺഗ്രസ്സിൽ വൻവിമർശനം ഉയരുന്നുണ്ട്. യാത്രയ്‌ക്കെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ക്രൂരമായി മർദിച്ചിട്ടും കാര്യമായ പ്രതിഷേധം നടത്താൻ നേതാക്കൾ മടിക്കുകയാണെന്നും, പ്രസ്താവനകളിൽ മാത്രമേ രൂക്ഷതയുള്ളുവെന്നും നേതാക്കൾക്കെതിരെ ആക്ഷേപം ശക്തമാണ്. ഇതിനെത്തുടർന്നാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ്സ് മാർച്ച് സംഘടിപ്പിച്ചത്. മുതിർന്ന കോൺഗ്രസ്സ് നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം പലയിടത്തും അക്രമാസക്തമാവുകയും ചെയ്തു.
അതെ സമയം ഗവർണ്ണർക്കെതിരെ എസ്എഫ്ഐ യെ രംഗത്തിറക്കിയതിന് മറുപടിയെന്നോണമാണ് യുവമോർച്ചയെ നവകേരള മാർച്ചിനെതിരെ ബിജെപി രംഗത്തിറക്കുന്നത്. യാത്ര സമാപനത്തോടടുക്കുമ്പോൾ യുവമോർച്ചയുടെ പ്രതിഷേധം ശക്തമാവുന്നുണ്ട് . പത്തനം തിട്ടയിലും, കൊല്ലത്തും പ്രവർത്തകർ യാത്രയ്ക്ക് നേരെ കരിങ്കൊടിയുയർത്തി. യാത്രയ്ക്ക് സംരക്ഷണം ഒരുക്കുന്ന ഡിവൈഎഫ്ഐ പ്രവർത്തകരുമായി ഇരു സ്ഥലത്തും യുവമോർച്ചാപ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്തു. കൊല്ലത്ത് ഇരുവിഭാഗവും തമ്മിൽ ശക്തമായ സംഘർഷമാണുണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകരെ യുവമോർച്ചക്കാർ അടിച്ചോടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കുണ്ടറയിൽ വച്ചായിരുന്നു നവകേരളസദസ്സിന് നേരേ യുവമോർച്ച പ്രതിഷേധം. കരിങ്കൊടികാണിക്കാനെത്തിയ പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ അക്രമിച്ചതോടെ ഇവരെ യുവമോർച്ച പ്രവർത്തകർ തിരിച്ചു തല്ലുകയായിരുന്നു
നവകേരളയാത്രയ്ക്ക് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസിനോടൊപ്പം ഡിവൈഎഫ്ഐ പ്രവർത്തകർ കായികമായി നേരിട്ടത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പിന്തുണ നൽകുന്ന രീതിയിൽ മുഖ്യമന്ത്രി പിണറായി രംഗത്ത് വന്നതോടെ യാത്രകടന്നു പോയ വഴികളിൽ പലയിടത്തും യൂത്ത് കോൺഗ്രസ്സ് -കെഎസ്‌യു പ്രവർത്തകർ അക്രമിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം ജില്ലയിലേക്ക് യാത്ര പ്രവേശിക്കുന്നതോടെ ശക്തമായ സമരമുഖം തുറക്കാനാണ് ഇരുവിഭാഗവും പദ്ധതിയിടുന്നത്
Discussion about this post