ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു. ഇതോടെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ എണ്ണം നാലായി. രജൗരി വനമേഖലയിൽ രക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ തുടരുകയാണ്. വനാന്തരങ്ങളിൽ ഒളിച്ചിരുന്നാണ് ഭീകരർ ആക്രമണം നടത്തുന്നത്
ഭീകരർക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്. സൈനികവിന്യാസവും ശക്തമാക്കിയിട്ടുണ്ട്. മേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചു തിരച്ചിൽ ശക്തമാക്കിയതോടൊപ്പം അതിർത്തികളിൽ വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്
ഇന്നലെയാണ് സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ രണ്ടു സൈനികര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരരെ കണ്ടെത്താൻ പോയ സൈനികർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് രജൗരി – പൂഞ്ച് ജില്ലകളുടെ അതിർത്തിമേഖലയിലുൾപ്പെട്ട ദേര കി ഗലിയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങൾക്ക് നേരെ വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തത്. സൈനികർ സഞ്ചരിച്ച ജിപ്സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്
ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിൾസിന്‍റെ ആസ്ഥാനത്തുനിന്നും ദേരകിഗലിയിൽ ജമ്മുകശ്മീർ പൊലീസും സൈന്യവും ചേർന്ന് നടത്തുന്ന ഭീകരർക്കായുള്ള തെരച്ചിലിൽ പങ്കുചേരാൻ പോവുകയായിരുന്നു സൈനിക സംഘം. സൈന്യം ഉടൻ തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ ഒരു ഭീകരന് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്
Discussion about this post