കൊച്ചി: അതിജീവിതയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന അഡ്വ. പിജി മനുവിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈകോടതി. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങുകയാണെങ്കിൽ മജിസ്‌ട്രേറ്റിന് ജാമ്യാപേക്ഷ പരിഗണിക്കാമെന്നും, അത്തരത്തിൽ ജാമ്യാപേക്ഷ പരിഗണിച്ച് ഉടനടി തീരുമാനമെടുക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു.
പ്രതിക്ക് അഭിഭാഷകനെന്ന പരിഗണന നൽകാനാവില്ലെന്നും മനുവിനെതിരായ ആരോപണം ഗുരുതരമാണെന്നും കഴിഞ്ഞ ദിവസം ഹൈകോടതി വ്യക്തമാക്കിയിരുന്നു. നിയമ സഹായത്തിനായി അഭിഭാഷകനെ സമീപിച്ച തന്നെ ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് മനുവിനെതിരായ കേസ്. മനു എല്ലാ തരത്തിലും സ്വാധീനമുള്ള ആളാണെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്.

