തൃശൂർ ; തൃശ്ശൂരിൽ സപ്ലൈകോ ക്രിസ്മസ് ചന്ത ഉദ്ഘാടനം ചെയ്യാൻ എത്തിയ മേയറും എംഎൽഎയും നാട്ടുകാരുടെ പ്രതിഷേധത്തെ തുടന്ന് ഉദ്ഘാടനം നടത്താതെ മടങ്ങി. സപ്ലൈകോ ക്രിസ്മസ് ചന്തയിൽ സബ്സിഡി സാധനങ്ങളില്ലാത്തതിലാണ് ജനങ്ങൾ പ്രതിഷേധിച്ചത്. ക്രിസ്മസ് കാലത്തെ പൊതു വിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്കുള്ള ആശ്വാസമാണ് സപ്ലൈകോ ചന്തകൾ. എന്നാൽ വേണ്ടരീതിയിൽ ഉള്ള സബ്സിഡി സാധനകളില്ലാതെയാണ് ഇവ നടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
ഉദ്‌ഘാടന ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ സാധനം വാങ്ങാൻ വന്ന നാട്ടുകാർ വേണ്ടത്ര ഉത്പന്നങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് മേയറും എംഎൽഎയും ഉദ്‌ഘാടനത്തിൽ നിന്നും വിട്ടുനിന്നു. ജനങ്ങളുടെ വികാരം മാനിച്ചാണ് വിട്ടുനിൽക്കുന്നതെന്ന് മേയറും എംഎൽഎയും അറിയിച്ചതായും എന്നാൽ സർക്കാരിന് ഇത് വെറുമൊരു പ്രഹസനം മാത്രമാണെന്നും നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം എല്ലാ ജില്ലകളിലും കൺസ്യൂമർ ഫെഡ് ക്രിസ്മസ്-പുതുവത്സര ചന്തകൾ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 13 ഇനങ്ങൾ സബ്സിഡിയായി നൽകുമെന്നായിരുന്നു സപ്ലൈകോ വാഗ്ദാനം ചെയ്തിരുന്നത്. ഇതിന് പുറമേ നോൺ-സബ്സിഡി സാധനങ്ങൾ അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുമെന്നും അറിയിച്ചിരുന്നു. എന്നാൽ നിലവിൽ സബ്സിഡി സാധനങ്ങൾ ലഭിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.
Discussion about this post