കൊച്ചി: വിധവാപെന്‍ഷന്‍ മുടങ്ങിയതിനെതിരെ മറിയക്കുട്ടി നൽകിയ ഹര്‍ജിയില്‍ സര്‍ക്കാരും ഹൈക്കോടതിയും രൂക്ഷമായ വാഗ്വാദം. പരാതിക്കാരിയെ അപമാനിക്കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ താക്കീത് നൽകി. മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും പലരും ഇവര്‍ക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുമുള്ള സര്‍ക്കാര്‍ വാദമായിരുന്നു കോടതിയെ ചൊടിപ്പിച്ചത്. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന വാദം സര്‍ക്കാര്‍ പിന്‍വലിച്ചു.
വിധവാ പെന്‍ഷന്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷനല്ലെന്നും പണം ലഭ്യമാകുന്ന മുറയ്ക്ക് നല്‍കാമെന്ന സര്‍ക്കാര്‍ നിലപാട് ദുഃഖകരമാണെന്നും ഞെട്ടിക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ആഘോഷങ്ങള്‍ നടത്താന്‍ സര്‍ക്കാരിന്റെ പക്കല്‍ പണമില്ലേയെന്നും കോടതി ആരാഞ്ഞു. സര്‍ക്കാരിന് അത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ പരിശോധിക്കുന്നതിന് വേണമെങ്കില്‍ അമിക്കസ്‌ക്യൂറിയെ വെക്കാമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം പെന്‍ഷന്‍ കുടിശ്ശിക കിട്ടാനുള്ള തന്റെ പോരാട്ടം എല്ലാവര്‍ക്കും വേണ്ടിയാണെന്നും ഹര്‍ജി നല്‍കിയതിന്റെ പേരില്‍ തന്റെ പെന്‍ഷന്‍ മാത്രമായി നല്‍കേണ്ടതില്ലെന്നും മറിയക്കുട്ടി പറഞ്ഞു. ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന സര്‍ക്കാര്‍ വാദത്തോട് പ്രതികരിക്കവേയാണ് മറുപടി.
Discussion about this post