കോഴിക്കോട്: കോഴിക്കോട് യുണിവേഴ്‌സിറ്റി വൈസ്‌ചാൻസിലറുടെ ഔദ്യോഗിക വസതിയിലേക്ക് എബിവിപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനമായെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞെങ്കിലും, ഗേറ്റ് ചാടിക്കടന്ന പ്രവർത്തകർ വിസിയുടെ വസതിയിലെത്തി. ആറോളം പ്രവർത്തകരാണ് വിസിയുടെ വസതിക്ക് മുൻപിൽ എത്തി മുദ്രവാക്യം വിളിച്ചത്. പിന്നാലെ ഓടിയെത്തിയ പോലീസുകാർ ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. എബിവിപി സംസ്ഥാന സെക്രട്ടറി ഇയു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലാണ് വിസിയുടെ വസതിയിലേക്ക് മാർച്ഛ് നടത്തിയത്.
എസ് എഫ്‌ഐയുടെ തിരക്കഥയ്ക്കനുസരിച്ചാണ് വൈസ് ചാൻസിലറും, പോലിസും പ്രവർത്തിക്കുന്നതെന്നാരോപിച്ചാണ് എബിവിപി മാർച്ച് നടത്തിയത്. എസ്എഫ്ഐയുടെ മാർച്ച് തടയാതിരുന്ന പോലീസ് തങ്ങളുടെ മാർച്ച് തടഞ്ഞത് പ്രതിഷേധാർഹമാണെന്നും, ഇരട്ട നീതിയാണ് പോലീസ് നടപ്പിലാക്കുന്നതെന്നുംഎബിവിപി ആരോപിച്ചു.
കഴിഞ്ഞ ദിവസം സെനറ്റ് യോഗത്തിനെത്തിയ, പദ്‌മശ്രീ ബാലൻ പൂതേരിയടക്കമുള്ള സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞിരുന്നു. ഗവർണറുടെ നോമിനികളായ സംഘപരിവാർ അനുകൂലികളെ യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് എസ്എഫ്ഐ ഇവരെ തടഞ്ഞത്
സംഘപരിവാർ പ്രവർത്തകരെന്നപേരിൽ സെനറ്റ് അംഗങ്ങളെ തടയാനാണ് എസ്എഫ്ഐ ശ്രമമെങ്കിൽ അതേ നാണയത്തിൽ മറുപടി നൽകുമെന്ന് എബിവിപി ദേശീയ നിർവ്വാഹക സമിതി അംഗം യദു കൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ജനാധിപത്യ വിരുദ്ധമായ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് വ്യക്തമാക്കിയാണ് എബിവിപി വിസിയുടെ വസതിയിൽ ഉപരോധം നടത്തിയത്
Discussion about this post