ബംഗളുരു : കർണാടകത്തിൽ മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന ഹിജാബ് നിരോധന നിയമം പിൻവലിക്കുന്നു. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച സർക്കാർ ഉത്തരവ് പിൻവലിക്കാൻ നിർദേശിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഉത്തരവ് പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകിയതായും സിദ്ധരാമയ്യ വ്യക്തമാക്കി. മൈസൂരുവിൽ മൂന്ന് പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിനിടെ സദസ്സിൽ നിന്നും ഉയർന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ.
“എല്ലാവര്‍ക്കുമൊപ്പം എല്ലാവർക്കും വികസനം എന്നാണ് അവരുടെ മുദ്രാവാക്യം. എന്നാൽ ഹിജാബ് ധരിക്കുന്നവരെ അവർ പാർശ്വവല്‍ക്കരിക്കും. തൊപ്പിയോ താടിയോ വെച്ചവരെ അവർ പാർശ്വവൽക്കരിക്കും,” സിദ്ധരാമയ്യ പറഞ്ഞു. ഈ പ്രസംഗത്തിനിടെയാണ് ഹിജാബ് സംബന്ധിച്ച ചോദ്യം സദസ്സിൽ നിന്ന് ഉയർന്നത് . തുടർന്ന് ഹിജാബ് ധരിക്കാൻ ഇനി കഴിയുമെന്നും അതിനുള്ള നിര്‍ദ്ദേശം താൻ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. നിരോധനത്തിനെതിരെ നിരവധി വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചെങ്കിലും കർണാടക ഹൈക്കോടതി നിരോധനം ശരിവച്ചു. കേസ് സുപ്രീം കോടതിയിലും എത്തിയിരുന്നു
അതെസമയം സിദ്ധരാമയ്യയുടെ നിലപാട് സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കുമെന്ന് ബിജെപി പ്രതികരിച്ചു. വിദ്യാർത്ഥികളുടെ വസ്ത്രധാരണത്തിൽ ഏകീകരണം കൊണ്ടുവന്നതാണ് തങ്ങളെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു
Discussion about this post