ജമ്മു കശ്മീർ; പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകർക്കായുള്ള തിരച്ചിലിന്റെ ഭാഗമായി മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതായി സുരക്ഷാ സേന അറിയിച്ചു. പ്രദേശത്ത് പരിശോധനയും വ്യോമനിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പൂഞ്ച് ജില്ലയിലെ രജൗരി സെക്ടറിലെ ദേരാ കി ഗലി വനമേഖലയിൽ ഭീകരർക്കായി സെെന്യം തിരച്ചിൽ ഊർജിതമാക്കിയിട്ടിണ്ടെന്ന് സൈന്യം അറിയിച്ചു.
ധത്യാർ മോറിന് സമീപം സ്ഥിതിചെയ്യുന്ന കൊടുംവളവിൽ വ്യാഴാഴ്ച വൈകുന്നേരം 3:45 നായിരുന്നു സൈനിക വാഹനങ്ങൾക്കു നേരേ ഭീകരർ ആക്രമണം നടത്തിയത്. സഞ്ചരിച്ചുകൊണ്ടിരുന്ന സൈനിക വാഹനങ്ങൾക്കു നേരെ ഭീകരർ പതിയിരുന്ന ആക്രമണം നടത്തുകയായിരുന്നു. ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്തുന്നതിന് സ്നിഫർ നായ്ക്കളെയടക്കം വിന്യസിച്ചു കൊണ്ടാണ് സൈനികർ തിരച്ചിൽ നടത്തുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പൂഞ്ച് ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം പീപ്പിൾസ് ആൻ്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്. യുഎസ് നിർമിത എം4 കാർബൈൻ ആക്രമണ റൈഫിളുകളുടെ ഉപയോഗം പ്രദർശിപ്പിച്ച ഭീകരർ ആക്രമണ സ്ഥലത്തു നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. 1980-കളിൽ അമേരിക്കയിൽ വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞതും ഗ്യാസിൽ പ്രവർത്തിപ്പിക്കുന്നതുമായ മാഗസിൻ ഉപയോഗിക്കുന്ന ആയുധമാണ് M4 കാർബൈൻ. യുഎസ് സായുധ സേനയുടെ കാലാൾപ്പട ഉപയോഗിക്കുന്ന ആയുധമാണിതെന്നാണ് വിവരം.
Discussion about this post