തിരുവനന്തപുരം: നവകേരളയാത്രയ്ക്കെതിരായ സമരം തെരുവ് യുദ്ധത്തിലേക്ക്. കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ ഡിജിപി ഓഫീസ് മാർച്ചിൽ വൻസംഘർഷം. നവകേരളയാത്രയ്ക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് മാർച് നടത്തിയത്.
നവകേരള സദസ്സിന്റെ ബാനറുകൾ കോൺഗ്രസ്സ് പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രവർത്തകർ അക്രമാസക്തരായതോടെ, പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.വി.ഡി.സതീശന് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് കോൺഗ്രസ് പ്രവർത്തകർ കല്ലേറു നടത്തിയത്. പോലീസ് ഗ്രനേഡ് പ്രയോഗിച്ചതോടെ വിഡി സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. പിന്നാലെ സമരം തെരുവ് യുദ്ധത്തിലേക്ക് മാറി
കെ.സുധാകരനെയും,എം.എം.ഹസ്സനെയും വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റിയതിന് ശേഷമാണ് പ്രവർത്തകർ വ്യാപകമായി അക്രമം അഴിച്ചുവിട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, കെ.മുരളീധരൻ എംപി തുടങ്ങിയ നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുതിർന്ന നേതാക്കൾ വേദി വിട്ടതോടെ സംഘടിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് അക്രമം നടത്തുകയായിരുന്നു ഏകപക്ഷീയമായി പോലീസ് അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നാണ് നേതാക്കളുടെ പ്രതികരണം
Discussion about this post