തിരുവനന്തപുരം ∙ കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയിലാണ് ഗവർണറുടെ പ്രതികരണം.
കാലിക്കറ്റ് സര്‍വകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമം പാലിക്കപ്പെടണം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞവരിൽ ഒരാൾ കാഴ്ചയില്ലാത്ത ആളാണെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സിപിഐഎമ്മിലും അതിന്റെ പോഷക സംഘടനകളിലും ഉള്ളത് ക്രിമിനലുകളാണെന്ന് ഗവർണർ വിമർശിച്ചു.
മാധ്യമപ്രവർത്തകർക്ക് എതിരെ കേസ് എടുത്തതിൽ പുതുമയില്ലെന്നും മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആര് സംസാരിച്ചാലും അവർക്കെതിരെ കേസ് എടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആരും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നില്ലെന്നും കേരളത്തിലെ മാധ്യമങ്ങൾ ഭയപ്പാടിലാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.
Discussion about this post