ഡൽഹി: ദക്ഷിണ ചൈന കടലിൽ ഇന്ത്യ നടത്തുന്ന നാവികാഭ്യാസത്തിൽ ആശങ്കയിലായി ചൈന. ചൈനയും ഫിലിപ്പീൻസും തമ്മിൽ തർക്കം നടക്കുന്ന ദക്ഷിണ ചൈനാ കടലിൽ ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ നടത്തുന്ന നാവികാഭ്യാസ മാണ് ചൈനയെ ആശങ്കയിലാക്കുന്നത്.
ഇന്ത്യയും, ഫിലിപ്പീൻസും തമ്മിലുള്ള നാവിക അഭ്യാസങ്ങൾ ചൈനീസ് സൈന്യത്തിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും, ഇത്തരത്തിലുള്ള സൈനിക പ്രതിരോധ, സുരക്ഷാ സഹകരണം മറ്റു രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമോ എന്ന ആശങ്കയുണ്ടെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് സീനിയർ കേണൽ വു ക്വിയാൻ ചൈനീസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ സൈനിക അഭ്യാസങ്ങൾ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഹാനികരമാകരുതെന്നാണ് ചൈനയുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസമാദ്യം ഇന്ത്യൻ യുദ്ധക്കപ്പൽ ഐഎൻഎസ് കദ്മത്തിൻ്റെ, ഫിലിപ്പീൻസ് സന്ദർശന വേളയിൽ, ഫിലിപ്പൈൻ നാവികസേനയുടെ ഓഫ്‌ഷോർ പട്രോളിംഗ് കപ്പലായ ബിആർപി റാമോൺ അൽകാരാസിനൊപ്പം ദക്ഷിണ ചൈനാ കടലിൽ സൈനികാഭ്യാസത്തിൽ പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൈനയും ഫിലിപ്പീൻസും തമ്മിലുള്ള സമുദ്ര തർക്കം ബീജിംഗും മനിലയും തമ്മിലുള്ള വിഷയമാണെന്നും അതിൽ ഇടപെടാൻ മൂന്നാമതൊരാൾക്ക് അവകാശമില്ലെന്നും വ്യക്തമാക്കി കേണൽ വു ക്വിയാൻ രംഗത്തെത്തിയത്. അതേസമയം ഒരു രാജ്യത്തെയും നേരിട്ട് പരാമർശിക്കാതെയാണ് അദ്ദേഹം പ്രസ്താവന ഇറക്കിയത്.
മറ്റു രാജ്യങ്ങളുമായി ഫിലിപ്പീൻസ് നടത്തുന്ന സൈനിക സഹകരണങ്ങൾക്കെതിരെ മുൻപും ചൈന രംഗത്തെത്തിയിട്ടുണ്ട് . ദക്ഷിണ ചൈനാ കടലിൽ ഇരു രാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അവകാശ തർക്കം നില നിൽക്കുന്ന ദക്ഷിണ ചൈന കടലിൽ ഇരു നാവികസേനകളും പലതവണ മുഖാമുഖം വന്നിട്ടുമുണ്ട്.
ഈ മാസം ആദ്യം തങ്ങളുടെ കപ്പലുകളെ ആക്രമിക്കാൻ ചൈനീസ് കപ്പലുകൾ ജലപീരങ്കി ഉപയോഗിച്ചതായി ഫിലിപ്പീൻസ് നാവികസേന ആരോപിച്ചിരുന്നു. ദക്ഷിണ ചൈനാ കടലിൻ്റെ ഭൂരിഭാഗവും ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ഫിലിപ്പീൻസ്, വിയറ്റ്‌നാം, മലേഷ്യ, ബ്രൂണെ, തായ്‌വാൻ എന്നീ രാജ്യങ്ങളും ഈ പ്രദേശങ്ങൾക്ക് അവകാശവാദം ഉന്നയിച്ച് രംഗത്തുണ്ട്.
Discussion about this post