ഡൽഹി: ഇസ്രായേൽ-പലസ്തീൻ യുദ്ധം ഇനി അവസാനിപ്പിക്കാൻ സാധിക്കുന്ന ഒരേ ഒരു നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും മറ്റെല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവെന്നും ഡൽഹി ജുമാമസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. ഈ വിഷയത്തിൽ മുസ്ലീം രാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി .ഇസ്രയേലിനു മേൽ നയതന്ത്ര സമ്മർദ്ദം ചെലുത്തി യുദ്ധം അവസാനിപ്പിക്കണമെന്ന് അഹമ്മദ് ബുഖാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തു
യുദ്ധത്തിൽ ഇതിനകം 21,300 പലസ്തീനികൾ കൊല്ലപ്പെട്ടതായും, ഗാസയിലെ ജനസംഖ്യയുടെ നാലിലൊന്ന് പട്ടിണി മൂലം മരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെയും അറബ് ലീഗിൻ്റെയും ഗൾഫ് സഹകരണ കൗൺസിലിൻ്റെയും പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രശ്നത്തിന് ഉടനടി ശാശ്വതമായ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിഹാരം കാണേണ്ട തലത്തിലേക്ക് പലസ്തീൻ പ്രശ്നം എത്തിയതായും രണ്ടു രാജ്യങ്ങളെന്ന ആശയമാണ് ഇവിടെ പ്രാവർത്തികമാകേണ്ടതെന്നും ബുഖാരി പ്രസ്താവനയിൽ പറഞ്ഞു.
മുസ്ലീം ലോകം ഇക്കാര്യത്തിൽ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയിട്ടില്ലെന്നും ,ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ അവർ സ്വീകരിക്കുന്നില്ലെന്നും ഇമാം കുറ്റപ്പെടുത്തി. വിഷയത്തിൽ അവസാനമായി പ്രധാനമന്ത്രി ഇടപശടണമെന്നാണ് തനിക്ക് അഭ്യർത്ഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലുമായുള്ള വ്യക്തിപരമായ ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ യുദ്ധം അവസാനിപ്പിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും എൻ്റെ രാജ്യത്തിൻ്റെ പ്രധാനമന്ത്രി നയതന്ത്ര സമ്മർദ്ദം ചെലുത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ബുഖാരി പറഞ്ഞു.
Discussion about this post