പത്തനംതിട്ട:ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. പത്താം തീയതി മുതൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. 14ന് വെർച്വൽ ക്യൂ ബുക്കിംഗ് പരിധി അമ്പതിനായിരമാക്കി. മകരവിളക്ക് ദിനമായ 15ന് വെർച്വൽ ക്യൂ ബുക്കിംഗ് പരിധി നാൽപതിനായിരമാക്കി കുറച്ചു. ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനസൗകര്യമൊരുക്കാനാണ് തീരുമാനം.
ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് സ്പോട്ട് ബുക്കിംഗ് ജനുവരി 10 മുതൽ ഒഴിവാക്കാൻ തീരുമാനിച്ചത്.
സാധാരണ ഗതിയിൽ മകരവിളക്കിന് മൂന്ന് നാൾ മുൻപ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന ഭക്തർ മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിൽ ക്യാമ്പ് ചെയ്യാറാണ് പതിവ്. ഈ സ്ഥിതിയിൽ വീണ്ടും കൂടുതൽ ഭക്തർ അയ്യപ്പ ദർശനത്തിനായി മലകയറിയാൽ അത് അയ്യപ്പ ഭക്തരുടെ സുരക്ഷയെയും സുഗമമായ ദർശന സൗകര്യത്തെയും സാരമായി ബാധിക്കും.
ഈ സാഹചര്യത്തിലാണ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതമായി ദർശനം ഒരുക്കുന്നതിലേക്കായി 10-ാം തീയതി മുതൽ സ്പോട്ട് ബുക്കിംഗ് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. 14-ാം തീയതി വെർച്വൽ ക്യാബുക്കിംഗ് പരിധി 50000 ആണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് 40000 പേർക്ക് മാത്രമെ വെർച്വൽ ക്യൂ ബുക്ക് ചെയ്ത് ശബരിമല അയ്യപ്പ സ്വാമി ദർശനത്തിനായി എത്തിച്ചേരാൻ കഴിയുകയുള്ളൂ.
14, 15 എന്നീ തിയതികളിൽ ശബരിമലയിൽ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാൽ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളിൽ ശബരിമല ദർശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഭ്യർത്ഥിച്ചു.
Discussion about this post