ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഇഡിക്ക് മുൻപാകെ ഹാജരാവില്ല. ചോദ്യം ചെയ്യാൻ ജനുവരി മൂന്നിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസി കേജ്‌രിവാളിന് സമൻസ് അയച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് സമൻസിന് മറുപടി നൽകിയെങ്കിലും നോട്ടീസിനെ “നിയമവിരുദ്ധം” എന്ന് കെജ്‌രിവാൾ വിശേഷിപ്പിച്ചു
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയാൻ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ ഏജൻസി ലക്ഷ്യമിടുന്നതെന്ന് എഎപി ആരോപിച്ചു. സമൻസിന് നിയമമനുസരിച്ചുള്ള നടപടിയെടുക്കുമെന്ന് എഎപി മുഖ്യ ദേശീയ വക്താവ് പ്രിയങ്ക കക്കർ പറഞ്ഞു.
നവംബർ 2 നും ഡിസംബർ 21 നും സമൻസ് അയച്ചിട്ടും അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ കെജ്‌രിവാൾ വിസമ്മതിച്ചിരുന്നു. ഇതോടെയാണ് മൂന്നാമത്തെ നോട്ടീസ് അയച്ചത്. സമൻസുകൾ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കെജ്‌രിവാൾ ആരോപിക്കുന്നത്.
നേരത്തെ 10 ദിവസത്തെ വിപാസന ധ്യാന ക്യാമ്പിന് പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇഡി നിർദ്ദേശം കെജ്രിവാൾ അവഗണിച്ചത്. ഇതിന് പിന്നാലെ ധ്യാനം ഡിസംബര്‍ 30 വരെ തുടരുമെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചിരുന്നു. ഇതോടെയാണ് മൂന്നാം സമൻസിൽ ജനുവരി മൂന്നിന് ഹാജരാകാൻ നിർദ്ദേശിച്ചത്. എന്നാൽ ഈ സമൻസും ഇഡി ഒഴിവാക്കുകയായിരുന്നു.
മദ്യക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ 2021-22 ലെ എക്‌സൈസ് നയത്തിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണത്തെ തുടർന്നുള്ള അന്വേഷണമാണ് മുഖ്യമന്ത്രി കെജ്‌രിവാളിലേക്ക് എത്തിയിരിക്കുന്നത്. കൈക്കൂലി വാങ്ങി ചില ഡീലര്‍മാര്‍ക്ക് അനുകൂലമായി ലൈസന്‍സ് നല്‍കി എന്നാണ് പ്രധാന ആരോപണം.
Discussion about this post