ഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാർ കഴിഞ്ഞ ദിവസം റാഞ്ചിയ ചരക്ക് കപ്പൽ ഇന്ത്യൻ നേവി മോചിപ്പിച്ചു. മാർക്കോസ് കമാൻഡോ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം
‘എംവി ലീല നോർഫോക്ക്” എന്ന ചരക്ക് കപ്പൽ മോചിപ്പിച്ചതായി ഇന്ത്യൻ നേവി വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരടക്കമുള്ള 21 ജീവനക്കാരും സുരക്ഷിതരാണ്.
ലൈബീരിയൻ പതാകയുള്ള കപ്പൽ ബ്രസീലിലെ പോർട്ടോ ഡു അക്യൂവിൽ നിന്ന് ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തേക്ക് പോകുന്നതിനിടെയായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച സോമാലിയൻ കടൽ കൊള്ളക്കാർ കപ്പൽ റാഞ്ചിയത്. കപ്പലിൽ 15 ഇന്ത്യക്കാരും ഉണ്ടായിരുന്നു.
സൊമലിയൻ തീരത്ത് നിന്ന് 300 നോട്ടിക്കൽ മൈൽ അകലെ വെച്ച് ആയുധധാരികളായ ആറുപേർ കപ്പലിലേക്ക് കടന്നു കയറി കപ്പൽ റാഞ്ചുകയായിരുന്നു.
തന്ത്രപ്രധാന ജലപാതകളിലെ വിവിധ കപ്പലുകളുടെ യാത്ര നിരീക്ഷിക്കുന്ന ബ്രിട്ടീഷ് സൈനിക സംഘടനയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) ആണ്, കടൽക്കൊള്ളക്കാർ കപ്പൽ റാഞ്ചിയ വിവരം റിപ്പോർട്ട് ചെയ്തതത്.
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ, മാരിടൈം പട്രോൾ എയർക്രാഫ്റ്റ് പി-8ഐ, ലോംഗ് റേഞ്ച് പ്രിഡേറ്റർ എംക്യൂ9ബി ഡ്രോൺ എന്നിവ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിരുന്നു

